തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിൽ 13,000 കോടി രൂപയുടെ വൻ വിദേശ നിക്ഷേപം നടത്താനൊരുങ്ങി ലോകത്തിലെ വലിയ ഷിപ്പിംഗ് കന്പനിയായ എംഎസ്സി (മെഡിറ്ററേനിയൻ ഷിപ്പിംഗ് കന്പനി). അദാനി പോർട്ട്സിന്റെ കൈവശമുള്ള വിഴിഞ്ഞം തുറമുഖത്തിന്റെ 49 ശതമാനം ഓഹരിയാണ് എംഎസ്സി കന്പനി സ്വന്തമാക്കുന്നത്.
എംഎസ്സി കന്പനിയുടെ ഉപവിഭാഗമായ ടെർമിനൽ ഇൻവെസ്റ്റ്മെന്റ് ലിമിറ്റഡാണ് (ടിഐഎൽ) നടത്തുന്നത്. രാജ്യത്തെ തുറമുഖ മേഖലയ്ക്കു ലഭിക്കാവുന്ന വലിയ നിക്ഷേപമാണ് വിഴിഞ്ഞം തുറമുഖത്തേക്ക് എത്തുന്നത്. ഇപ്പോൾ തുറമുഖത്തിന്റെ രണ്ടാംഘട്ട വികസന പ്രവർത്തനമാണു നടക്കുന്നത്. 16 ലക്ഷം ടിഇയുവാണ് നിലവിലെ കണ്ടെയ്നർ കൈകാര്യ ശേഷി. പുതിയ നിക്ഷേപം വരുന്നതു വഴിയുള്ള വിഴിഞ്ഞം തുറമുഖ വികസനത്തിലൂടെ 3.5 മടങ്ങ് വർധിച്ച് 57 ലക്ഷം ടിഇയു ശേഷിയിലേക്ക് ഉയരുമെന്നാണ് കണക്കാക്കുന്നത്. 2028 ഡിസംബറിൽ വികസന പ്രവർത്തനം പൂർത്തിയാകുന്നതോടെയാകും തുറമുഖത്തിന്റെ ശേഷി ഉയരുന്നത്.
ഇന്ത്യയുടെ ആദ്യ സ്വാഭാവിക ആഴമുള്ള മെഗാ ട്രാൻസ്ഷിപ്പ്മെന്റ് തുറമുഖമാണ് വിഴിഞ്ഞം. രാജ്യാന്തര കപ്പൽപ്പാതയിൽനിന്ന് വെറും 10 നോട്ടിക്കൽ മൈൽ ദൂരത്താണെന്നതും വിഴിഞ്ഞത്തിന്റെ എടുത്തുപറയേണ്ട പ്രത്യേകതയാണ്. 18-20 മീറ്റർ സ്വാഭാവിക ആഴമുള്ളതുകൊണ്ട് ലോകത്തെ എത്ര വലിയ കപ്പലിനെയും വിഴിഞ്ഞം തുറമുഖത്തിൽ സ്വീകരിക്കാനാകും.
ടിഐഎൽ ലോകത്തെ ഏറ്റവും വലിയ ഷിപ്പിംഗ് ഓപ്പറേറ്റർ
എംഎസ്സിയുടെ ഉപവിഭാഗമായ ടിഐഎൽ ലോകത്തെ ഏറ്റവും വലിയ ഷിപ്പിംഗ് ഓപ്പറേറ്റർമാരിൽ ഒന്നാണ്. അഞ്ച് ഭൂഖണ്ഡങ്ങളിലായി നൂറിലേറെ കണ്ടെയ്നർ ടെർമിനലുകൾ ടിഐഎൽ നിലവിൽ നിയന്ത്രിക്കുന്നുണ്ട്. പ്രതിവർഷം ശരാശരി ഏഴ് കോടി കണ്ടെയ്നറുകളാണ് ടിഐഎൽ കൈകാര്യം ചെയ്യുന്നത്.
ഈ പങ്കാളിത്തം വിഴിഞ്ഞം തുറമുഖത്തിലെ ചരക്കുനീക്ക സ്ഥിരതയും വർധനയും ഉറപ്പാക്കുകയും വളർച്ചയുടെ വേഗം കൂട്ടുകയും ചെയ്യും. മുന്ദ്ര (കണ്ടെയ്നർ ടെർമിനൽ നന്പർ 3), എന്നൂർ തുറമുഖങ്ങൾക്കു ശേഷം മൂന്നാമത്തെ വലിയ സഹകരണമാണ് അദാനി പോർട്ട്സും എംഎസ്സി കപ്പൽ കന്പനിയും തമ്മിൽ നടക്കുന്നത്.
ഏറ്റവും വലിയ വിദേശ സ്വകാര്യ നിക്ഷേപം
ഇന്ത്യൻ തുറമുഖ അടിസ്ഥാനസൗകര്യ മേഖലയിലെ ഏറ്റവും വലിയ വിദേശ സ്വകാര്യ നിക്ഷേപമാണ് എംഎസ്സിയുടേത്. ഇതോടെ ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ പ്രമുഖ ട്രാൻഷിപ്മെന്റ് ഹബ്ബായ വിഴിഞ്ഞത്തിന്റെ സ്ഥാനം കൂടുതൽ ദൃഢമാക്കുമെന്നും നിയമാനുസൃത അനുമതികൾക്കും നിയന്ത്രണാനുമതികൾക്കും വിധേയമായാണ് എംഎസ്സിയുടെ നിക്ഷേപമെന്നും അദാനി പോർട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡ് ഡയറക്ടറും സിഇഒയുമായ അശ്വനി ഗുപ്ത പറഞ്ഞു.
ആകെ 2.85 ബില്യൺ യുഎസ് ഡോളർ (ഏതാണ്ട് 27,000 കോടി രൂപ) മൂല്യമുള്ള പദ്ധതിയിൽ 1.397 ബില്യൺ യുഎസ് ഡോളറാണ് (ഏതാണ്ട് 13,000 കോടി രൂപ) എംഎസ്സി നിക്ഷേപിക്കുന്നത്.