നോയിഡ: ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡ വെസ്റ്റിലുള്ള ഗോർ സിറ്റി മാളിലെ കെഎഫ്സി ഔട്ട്ലെറ്റിൽ നൽകിയ ഫ്രൈഡ് ചിക്കനിൽ പുഴുവിനെ കണ്ടെത്തിയതായി ഉപഭോക്താവിന്റെ വെളിപ്പെടുത്തൽ. തനിക്ക് വിളമ്പിയ ചിക്കൻ കഷണത്തിനുള്ളിൽ പുഴു നുരയുന്നതിന്റെ വീഡിയോയും ചിത്രങ്ങളും ഉപഭോക്താവ് എക്സിൽ പങ്കുവെച്ചതോടെ സംഭവം വലിയ രീതിയിൽ പ്രചരിക്കുകയും പ്രതിഷേധത്തിന് വഴിവെക്കുകയും ചെയ്തു.
സംഭവം വിവാദമായതോടെ പ്രതികരണവുമായി കെഎഫ്സി ഇന്ത്യ രംഗത്തെത്തി. ഉപഭോക്താവിന് നേരിട്ട വിഷമത്തിൽ ഖേദം പ്രകടിപ്പിച്ച കമ്പനി, വിഷയം പരിശോധിച്ച് നടപടിയെടുക്കുന്നതിനായി ഓർഡർ ഐഡി പങ്കുവെക്കാൻ ആവശ്യപ്പെട്ടു.
@averycommonman1 എന്ന എക്സ് അക്കൗണ്ടിലൂടെയാണ് വീഡിയോ പുറത്തുവന്നത്. കഴിക്കാൻ പാകത്തിന് നൽകിയ ഭക്ഷണത്തിലാണ് ജീവനുള്ള പുഴുവിനെ കണ്ടത്. വീഡിയോ വൈറലായതിനെ തുടർന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥൻ സർവേശ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഗോർ സിറ്റി മാളിലെ കെഎഫ്സി ഔട്ട്ലെറ്റിലെത്തി പരിശോധന നടത്തി.ഔട്ട്ലെറ്റിലെ ഭക്ഷണ സാധനങ്ങളുടെ ഗുണനിലവാരവും ശുചിത്വവും പരിശോധിച്ച് വരികയാണെന്നും, വീഡിയോ പങ്കുവെച്ച വ്യക്തിയുമായി ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു. പരിശോധന പൂർത്തിയായ ശേഷം ശക്തമായ നടപടിയുണ്ടാകും.