കിഴക്കന്‍ വനാന്തര നദികളിലെ ജലസമ്പത്ത് വൈദ്യുതോർജമാക്കി കേരളത്തിന്റെ ഇരുട്ടകറ്റിയ ശബരിഗിരി പദ്ധതി ആരംഭിച്ചിട്ട് 60 വർഷം തികയുന്നു.
പത്തനംതിട്ട ജില്ലയിലെ നിബിഡവനപ്രദേശമായ ഗവിയില്‍ പടിഞ്ഞാറോട്ടൊഴുകുന്ന ഒട്ടനവധി നീര്‍ച്ചാലുകളെയും നദികളെയും അണകെട്ടി നിര്‍ത്തി കിലോമീറ്ററുകള്‍ ടണലുകളിലൂടെ അടിവാരമായ മൂഴിയാറിലെത്തിച്ചു വൈദ്യുതിയാക്കാമെന്ന സാധ്യതയ്ക്ക് 1966 ലാണ് സാക്ഷാല്ക്കാരമായത്.
കേരളത്തിലെ വലിയ രണ്ടാമത്തെ ജലവൈദ്യുതപദ്ധതിയായ ശബരിഗിരി നാടിനു പ്രകാശം ചൊരിയാന്‍ തുടങ്ങിയിട്ട് 60 വര്‍ഷം. പത്തനംതിട്ട ജില്ലയിലെ ശബരിഗിരി പദ്ധതിയുടെ നിര്‍മാണത്തുടക്കം 1962ലാണ്. 1966ല്‍ 300 മെഗാവാട്ട് സ്ഥാപിതശേഷിയോടെ കമ്മീഷന് ചെയ്ത സംരംഭം 2009ല്‍ 340 മെഗാവാട്ടിലേക്ക് ഉയര്‍ന്നു. പമ്പ, അഴുത വനാന്തര മലനിരകളിലെ പ്രകാശനിലയം കേരളത്തിലെ ഇതര ജലവൈദ്യുത പദ്ധതികളില്‍നിന്ന് ഏറെ വ്യത്യസ്തമാണ്. ശബരിഗിരിയില്‍ ആരംഭിക്കുന്ന വൈദ്യുതോത്പാദനം കക്കാട്, അള്ളുങ്കല്‍, കാരിക്കയം, മണിയാര്‍ പദ്ധതികളിലൂടെ പെരുനാട് ടെയ്ൽ റെയ്സ് വരെ നീളുന്നു. വനാന്തരത്തില്‍ ചെറുതും വലുതുമായ ജലസംഭരണികൾ, തുരങ്കങ്ങള്‍, പെന്‍സ്റ്റോക്ക് പൈപ്പുകള്‍ തുടങ്ങി വൈദ്യുതി ഉത്പാദനത്തില്‍ ഇതൊരു സംഭവംതന്നെയാണ്.
ചരിത്രത്തിലേക്ക്
ശബരി തപം ചെയ്ത ദേവഭൂമിയില്‍ പിറന്നതിനാലാണ് ഇതിന് ശബരിഗിരി എന്ന പേര് നല്‍കിയത്. ശബരിമലയ്ക്ക് തെക്കുകിഴക്കു മാറി പമ്പാനദിയിലും തെക്കുമാറി കക്കിയാറിലും പോഷകനദിയായ ആനത്തോട്ടിലും അണകൾ കെട്ടി വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ബ്രിട്ടീഷ് ഭരണ കാലത്തുതന്നെ ആലോചന തുടങ്ങിയിരുന്നു. അതിനുള്ള സര്‍വേ പൂര്‍ത്തിയായെങ്കിലും രൂപരേഖയായത് 1960ലാണ്. പമ്പ, കക്കി, ആനത്തോട് അണക്കെട്ടുകള്‍ കൂടാതെ കുള്ളാര്‍ ഗവി, മീനാര്‍ ഒന്ന്, മീനാര്‍ രണ്ട് എന്നീ ചെറിയ ഡാമുകളും പ്ലാനില്‍ ഇടം പിടിച്ചു.
1962ല്‍ അമേരിക്കന്‍ സാങ്കേതിക, സാമ്പത്തിക സഹായത്തോടൊപ്പം അമേരിക്കന്‍ കമ്പനി ഇബാക്കോ സര്‍വീസസ് നിര്‍മാണത്തില്‍ സഹകരിച്ചു. 1967 ഓഗസ്റ്റ് 27 ന് ഉപരാഷ്ട്രപതി വി.വി. ഗിരി ശബരിഗിരി നാടിന് സമര്‍പ്പിച്ചു.
പ്രധാന അണക്കെട്ടുകള്‍
പെരിയാര്‍ കടുവാസംരക്ഷണ മേഖലയിലെ കൊച്ചുപമ്പയില്‍ നിര്‍മിച്ച അണക്കെട്ടാണ് പമ്പ. 57 മീറ്റര്‍ ഉയരം. നീളം 281.48 മീറ്റര്‍. പമ്പയില്‍ സംഭരിക്കുന്ന വെള്ളം തുരങ്കം വഴി കക്കി ജലാശയത്തിലെത്തിക്കും.
കക്കിയാറിനു കുറുകെയുള്ള കക്കി അണക്കെട്ടാണ് ഇതിൽ വലിയ ജലസംഭരണി. ഉയരം 116.13 മീറ്റര്‍. നീളം 336 മീറ്റര്‍. കക്കിയാറിന്റെ പോഷകനദിയായ ആനത്തോടിന് കുറുകെയാണ് ആനത്തോട് ഡാം. കക്കിയുടെ ജലസംഭരണിയായിട്ടാണ് ആനത്തോടും പ്രവര്‍ത്തിക്കുന്നത്. പമ്പ സംഭരണി കക്കി അണക്കെട്ടുമായി 3.21 കിലോമീറ്റര്‍ ഭൂഗര്‍ഭ തുരങ്കം വഴി ബന്ധിപ്പിച്ചിട്ടുണ്ട്. ആനത്തോട് ഡാമില്‍നിന്ന് മൂന്ന് കൂറ്റന്‍ പെന്‍സ്റ്റോക്ക് പൈപ്പുകളിലൂടെ വെള്ളം മൂഴിയാര്‍ പവര്‍ ഹൗസിലെത്തിച്ചാണ് വൈദ്യുതി ഉത്പാദനം. കക്കി, പമ്പ ഡാമുകള്‍ 1966ലും ആനത്തോട് 1967ലും പൂര്‍ത്തിയായി. നിലവില്‍ ആറ് ജനറേറ്ററുകളുണ്ട്.
ശബരിഗിരി ഓഗ്മെന്റേഷൻ സ്കീം
പമ്പയുടെ പോഷകനദിയായ മൂഴിയാറിന്റെ മുകള്ഭാഗം കക്കി റിസർവോയറിന്റെ തെക്കുഭാഗത്തുകൂടിയാണ് ഒഴുകുന്നത്.
അപ്പര്‍ മൂഴിയാര്‍ അണക്കെട്ട് തുരങ്കംവഴി കക്കി ആനത്തോട് റിസര്‍വോയറിലേക്ക് വെള്ളം തിരിച്ചുവിടുന്നു. ഈ വെള്ളം വൈദ്യുതിക്കു പ്രയോജനപ്പെടുത്താന്‍ അപ്പര്‍ മൂഴിയാര്‍ ഡാം 1979 ലും കുള്ളാർ, ഗവി, മീനാര്‍ ഒന്ന്, മീനാര്‍ രണ്ട് അണക്കെട്ടുകള്‍ 1990 കളിലും പൂര്‍ത്തീകരിച്ചു. പമ്പ സംഭരണിയിലേക്കുള്ള ജലനിരപ്പ് ക്രമീകരിക്കുന്നത് ഈ അണക്കെട്ടുകളാണ്. കുള്ളാര്‍, ഗവി അണക്കെട്ടുകള്‍ വനമേഖലയിലെ പൊതുജലസംഭരണിയാണ്. ഇതില്‍നിന്നു വെള്ളം തുരങ്കത്തിലൂടെ മീനാര്‍ രണ്ട് സംഭരണിയിലേക്ക് തിരിച്ചുവിടുന്നു. തുടര്‍ന്ന് മറ്റൊരു തുരങ്കത്തിലൂടെ മീനാര്‍ ഒന്ന് സംഭരണിയിലെത്തിച്ച് കനാലിലൂടെ പമ്പ ഡാമിലേക്ക് തിരിച്ചുവിടുന്നു. ജലലഭ്യത കണക്കിലെടുത്ത് രണ്ടാമതൊരു വൈദ്യുതപദ്ധതികൂടി പരിഗണനയിലുണ്ട്. മൂഴിയാറില്‍ 200 മെഗാവാട്ട് ശേഷിയുള്ള ഒരു പവര്‍ ഹൗസുകൂടി നിര്‍മിച്ച് ശേഷി 540 മെഗാവാട്ടായി ഉയർത്താനാണ് ആലോചന. എന്നാല്‍ നടപടികള്‍ മന്ദഗതിയിലാണ്.
കക്കാട് പദ്ധതി
മൂഴിയാര്‍ പവര്‍ഹൗസില്‍ വൈദ്യുതി ഉത്പാദനത്തിനുശേഷം തള്ളുന്ന വെള്ളവും കക്കാട്ടാർ, ഗോപിയാര്, വേലുത്തോട് എന്നിവയിലെ ജലസമൃദ്ധി പ്രയോജനപ്പെടുത്തി മറ്റൊരു പദ്ധതി 1975ല്‍ വിഭാവനം ചെയ്തിരുന്നു. പ്രതിവര്‍ഷം 262 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള കക്കാട് വൈദ്യുതപദ്ധതിയുടെ നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ രണ്ട് പതിറ്റാണ്ടു വേണ്ടിവന്നു. ഇതിനായി മൂഴിയാര്‍ പവര്‍ഹൗസിന് ഒരു കിലോമീറ്റര്‍ താഴെ കക്കാട്ടാറിന് കുറുകെ മൂഴിയാര്‍ അണക്കെട്ട് നിര്‍മിച്ചു. ആറ് കിലോമീറ്റര്‍ താഴെ വേലുത്തോട്ടില് മിനി ഡാമും പണിതു. പദ്ധതിയുടെ പവര്‍ഹൗസ് സീതത്തോട്ടിലാണ്. ശബരിഗിരി പദ്ധതിയുടെ ടെയില്‍റേസ് വെള്ളം ജലസേചനത്തിന് ഉപയോഗപ്പെടുത്താനാണ് പമ്പ ജലസേചന പദ്ധതി ലക്ഷ്യമിടുന്നത്. മൂഴിയാറിലെ വെള്ളം കക്കാട് നദിയിലെത്തിച്ച് മണിയാറിലെ തടയണയില്‍ സംഭരിക്കുന്നു. പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ 21,135 ഹെക്ടറില്‍ ജലസേചനം ഉറപ്പാക്കുന്നതു മണിയാറിലെ വെള്ളമാണ്.
സ്വകാര്യ പദ്ധതികള്‍
സംസ്ഥാനത്തെ ആദ്യ സ്വകാര്യ ജലവൈദ്യുത നിലയം മണിയാര്‍ ജലസേചന പദ്ധതിയോടു ചേര്‍ന്നാണ്. കാര്‍ബോറാണ്ടം യൂണിവേഴ്സല്‍ ലിമിറ്റഡാണ് നടത്തിപ്പുകാര്‍. രണ്ടു മെഗാവാട്ട് സ്ഥാപിതശേഷിയോടെ 1995ല്‍ കമ്മീഷന് ചെയ്തു. കക്കാടിനും മണിയാറിനും മധ്യേ രണ്ട് ചെറുകിട പദ്ധതികള്‍കൂടി സ്വകാര്യമേഖലയിലുണ്ട്. അള്ളുങ്കലില്‍ 3.5 മെഗാവാട്ട് ശേഷിയില്‍ രണ്ട് ജനറേറ്ററുകള്‍ പ്രവര്‍ത്തിക്കുന്നു. ഇഡിസിഎല്ലിനാണ് നിയന്ത്രണം. ചിറ്റാര്‍ കാരിക്കയത്തെ അയ്യപ്പ ഇലക്ട്രിക് പ്രോജക്ട് അഞ്ച് മെഗാവാട്ടിന്റേതാണ്. സമാനമായ പദ്ധതി പെരുനാട്ടില്‍ കെഎസ്ഇബിയും നടത്തുന്നുണ്ട്. നാല് മെഗാവാട്ടാണ് സ്ഥാപിതശേഷി. കക്കാട് നദിയിലെ ജലലഭ്യതയും മൂഴിയാറിലെ ഉത്പാദനവും കണക്കിലെടുത്തു മാത്രമേ ചെറുകിട പദ്ധതികളില്‍ ഉത്പാദനം സാധ്യമാകുകയുള്ളൂ. 2018ലെ മഹാപ്രളയം ഈ പദ്ധതികളെയെല്ലാം സാരമായി ബാധിച്ചിരുന്നു. പവര്‍ ഹൗസുകള്‍ക്ക് അന്ന് സാരമായ തകരാറുകളുണ്ടായി.
40 ഏക്കര്‍ കാഴ്ചവിസ്മയം
കേരളത്തില്‍ സഞ്ചാരികളെ ഏറ്റവും ആകര്‍ഷിക്കുന്ന ഇടങ്ങളിലൊന്നാണ് ഗവി. ആങ്ങമൂഴിയില്‍നിന്നു ഗവി വരെ വനത്തിലൂടെ 55 കിലോമീറ്റര്‍ യാത്ര ചെയ്യാമെന്നതാണ് പ്രത്യേകത. ഇതിനിടെയിലാണ് വൈദ്യുതി ഉത്പാദനവുമായി ബന്ധപ്പെട്ട അത്ഭുതലോകം കാഴ്ചകൾ സമ്മാനിക്കുന്നത്. മൂന്ന് പ്രധാന ഡാമുകള്‍, നിരവധി ചെറുകിട സംഭരണികള്‍ എന്നിവയെല്ലാം കടന്ന് പെന്‍സ്റ്റോക്ക് പൈപ്പുകളും മൂഴിയാര്‍ പവര്‍ഹൗസിന്റെ വിദൂര ദൃശ്യവുമെല്ലാം ആസ്വാദ്യം. അരണമുടി ലുക്ക് ഔട്ട്, വാല്‍വ് ഹൗസ്, അരണമുടി പുല്ലുമേട്, വന്യമൃഗങ്ങൾ, ആനത്തോട് കക്കി ഡാമുകളില്‍ ബോട്ടിംഗ്, കൊച്ചുപമ്പ എന്നിവയൊക്കെ ഏറെ ഹൃദ്യം.
ശബരിഗിരി പദ്ധതി നിര്‍മാണത്തിന് കൊച്ചുപമ്പ വനമേഖലയില്‍ 1960 -70 കാലഘട്ടത്തില്‍ ഒരു ടൗണ്‍ഷിപ്പ് നിലവിലുണ്ടായിരുന്നു. ഇതിന്റെയെല്ലാം അവശേഷിപ്പുകള്‍ സഞ്ചാരികള്‍ക്കു കാണാം. കാനനമധ്യത്തില്‍ 40 ഏക്കറില്‍ നല്ല പ്ലാനിംഗോടെ നിർമിച്ചതാണ് ടൗണ്‍ഷിപ്പ്. പദ്ധതി നിര്‍മാണഘട്ടത്തില്‍ ഇവിടം ജീവനക്കാരെക്കൊണ്ട് നിറഞ്ഞിരുന്നു. എന്നാല്‍ 1990 മുതല്‍ താമസക്കാർ കുറഞ്ഞുതുടങ്ങി. മൂഴിയാര്‍ പവര്‍ഹൗസ് മേഖലയിലെ കോട്ടേജുകളേറെയും നശിച്ചു. അക്കാലത്ത് സിനിമ തിയറ്റര്‍, ബസ് സ്റ്റാന്‍ഡ്, സ്കൂളുകള്‍, ആശുപത്രി, മൈതാനം, ക്ലബ്, ക്ഷേത്രം എന്നിവയൊക്കെ മൂഴിയാറിലും പരിസരങ്ങളിലുമുണ്ടായിരുന്നു. കൊച്ചുപമ്പ ഗവ. യുപി സ്കൂള്‍ 1990കളുടെ അവസാനത്തോടെ പൂട്ടി. മൂഴിയാര്‍ എല്‍പി സ്കൂള്‍ നിലവിലുണ്ട്. ആദിവാസി വിഭാഗം കുട്ടികളാണ് പഠിതാക്കളേറെയും. അക്കാലത്തെ ബസ് സര്‍വീസുകള്‍ മിക്കതും നിലച്ചുവെങ്കിലും തിരുവനന്തപുരം- മൂഴിയാര്‍ ബസ് സര്‍വീസ് ഇപ്പോഴുമുണ്ട്.