എൽഹാസ: ടിബറ്റിൽ തുടർച്ചയായ ഭൂചലനം. ഇന്ത്യൻ സമയം വ്യാഴാഴ്ച വൈകുന്നേരം 8:03നാണ് ആദ്യ ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ ഏഴ് തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം അരുണാചൽ പ്രദേശിലെ പാൻഡിനിൽ നിന്ന് ഏകദേശം 489 കിലോമീറ്റർ വടക്ക്-വടക്കുപടിഞ്ഞാറായി 173 കിലോമീറ്റർ ആഴത്തിലാണെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു.
ആദ്യ ഭൂചലനം അനുഭവപ്പെട്ട് അരമണിക്കൂറിന് ശേഷം 8:42നാണ് വീണ്ടും ഭൂചലനം അനുഭവപ്പെട്ടത്. അഞ്ച് തീവ്രത രേഖപ്പെടുത്തി. അരുണാചൽ പ്രദേശിലെ ബാസറിൽ നിന്ന് ഏകദേശം 323 കിലോമീറ്റർ വടക്ക്-വടക്കുപടിഞ്ഞാറായി 15 കിലോമീറ്റർ ആഴത്തിലാണ് പ്രഭവ കേന്ദ്രമെന്ന് നാഷണൽ സെൻ്റർ ഫോർ സീസ്മോളജി ഡാറ്റയിൽ വ്യക്തമാക്കി.