മുംബൈ: അധോലോക നായകൻ ബാബ ഫർസാന്റെ ആഡംബര ബംഗ്ലാവിൽ പോലീസ് നടത്തിയ പരിശോധനയിൽ കോടിക്കണക്കിന് രൂപയും മാരകായുധങ്ങളും സ്വർണവും പിടിച്ചെടുത്തു. ബാബ ഫർസാൻ അന്തരിച്ച് ആറുമാസത്തിനുശേഷം പോലീസ് നടത്തിയ റെയ്ഡിലാണ് കണക്കിൽപ്പെടാത്ത പണവും മറ്റുസ്വത്തുക്കളും കണ്ടെടുത്തത്.
അഞ്ചുകോടിയിൽപ്പരം രൂപയും തോക്കുകളും സ്വർണവും പിടിച്ചെടുത്തെന്ന് പോലീസ് പറഞ്ഞു. റെയ്ഡ് നടക്കുമ്പോൾ ബാബ ഫർസാന്റെ രണ്ടാം ഭാര്യ ഷീല ഗണപത്റാവു സാൽവെ മാത്രമാണ് ബംഗ്ലാവിലുണ്ടായിരുന്നത്. വീട്ടിലെ രഹസ്യ അറകളിൽ നിന്നും മുറികളിൽ നിന്നുമാണ് പണം പിടിച്ചെടുത്തത്. 100, 200, 50,20,10 രൂപകളുടെ നോട്ടുകളായിട്ടാണ് പണം സൂക്ഷിച്ചിരുന്നത്.
ഇതോടെ നോട്ടുകൾ എണ്ണാനായി ഉദ്യോഗസ്ഥർക്ക് അഞ്ച് നോട്ടെണ്ണൽ യന്ത്രങ്ങൾ എത്തിക്കേണ്ടിവന്നു. എല്ലാം എണ്ണിത്തിട്ടപ്പെടുത്തിയതോടെയാണ് 5.26 കോടി രൂപയുണ്ടെന്ന് വ്യക്തമായത്. ഇതിനുപുറമേ രണ്ട് പിസ്റ്റളുകൾ, നാല് റൈഫിളുകൾ, രണ്ട് എയർ ഗണ്ണുകൾ, ഒരു വാൾ, മൂന്ന് കഠാര, കത്തികൾ തുടങ്ങിയ ആയുധങ്ങളും കണ്ടെടുത്തു.
ഇതിന് പുറമെ 21.3 ലക്ഷത്തിന്റെ സ്വർണാഭരണങ്ങളും എട്ടു ലക്ഷത്തിലധികം വിലവരുന്ന വെള്ളിയും, വിദേശ കമ്പനികളുടെ 45 കുപ്പി മദ്യവും ബംഗ്ലാവിൽ നിന്ന് കണ്ടെടുത്തു. പിടിച്ചെടുത്ത ആയുധങ്ങളിൽ ചിലതിന് ബാബ ഫർസാന്റെ പേരിൽ ലൈസൻസ് ഉണ്ടെങ്കിലും പിസ്റ്റളിന് യാതൊരുവിധ രേഖകളും കണ്ടെത്താനായില്ലെന്നും പോലീസ് പറഞ്ഞു.