ന്യൂഡൽഹി: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന്റെ പരിശീലകനായിരുന്ന മഹേള ജയവർധനെ ഇനി ഡൽഹി ക്യാപിറ്റൽസിന്റെ ഭാഗം. വനിതാ പ്രീമിയർ ലീഗ് ടീമിന്റെ ഡയറക്ടർ ഓഫ് ക്രിക്കറ്റായാണ് ശ്രീലങ്കൻ ഇതിഹാസത്തെ നിയമിച്ചത്. 2027 സീസണിന് മുന്നോടിയായാണ് പുതിയ ചുമതല. പുതിയ താരങ്ങളെ കണ്ടെത്തൽ, കളിക്കാരുടെയും പരിശീലക സംഘത്തിന്റെയും മികവ് ഉയർത്തൽ, മത്സര തന്ത്രങ്ങൾ ആവിഷ്കരിക്കൽ തുടങ്ങിയ മേൽനോട്ടം ജയവർധനെ നിർവഹിക്കും.
മുഖ്യ പരിശീലകൻ ജോനാഥൻ ബാറ്റി, ക്യാപ്റ്റൻ ജെമീമ റോഡ്രിഗസ് എന്നിവർക്കൊപ്പം ചേർന്നായിരിക്കും പ്രവർത്തനം. മുംബൈ ഇന്ത്യൻസിന്റെ മുഖ്യ പരിശീലകനെന്ന നിലയിൽ ശ്രദ്ധേയമായ നേട്ടങ്ങളാണ് ജയവർധനെയ്ക്കുള്ളത്. 2017, 2019, 2020 സീസണുകളിൽ മുംബൈയെ ഐപിഎൽ കിരീടത്തിലേക്ക് നയിച്ചത് അദ്ദേഹമായിരുന്നു. ആദ്യ നാല് സീസണുകളിൽ മൂന്ന് തവണ ടീമിന് കിരീടം സമ്മാനിച്ചു. 2022ൽ മുഖ്യ പരിശീലക സ്ഥാനം ഒഴിഞ്ഞ ജയവർധനെ മുംബൈ ഇന്ത്യൻസിന്റെ ഗ്ലോബൽ ഹെഡ് ഓഫ് പെർഫോമൻസായി ചുമതലയേറ്റിരുന്നു.
വിവിധ ലീഗുകളിലെ മുംബൈ ഫ്രാഞ്ചൈസികളുടെ ക്രിക്കറ്റ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതായിരുന്നു ചുമതല. 2025ൽ വീണ്ടും മുംബൈയുടെ മുഖ്യ പരിശീലകനായി തിരിച്ചെത്തിയെങ്കിലും 2026 സീസണിൽ ടീമിന് ഒമ്പതാം സ്ഥാനത്താണ് ഫിനിഷ് ചെയ്യാനായത്. മുംബൈയുമായുള്ള ബന്ധം അവസാനിപ്പിച്ചതിന് പിന്നാലെയാണ് ഡൽഹിയുടെ പുതിയ ദൗത്യം ജയവർധനെ ഏറ്റെടുത്തിരിക്കുന്നത്.