ന്യൂഡൽഹി: പാർലമെന്റ് അംഗങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ലോക്സഭാ സ്പീക്കർ ഇടപെടണമെന്നു തൃണമൂൽ കോൺഗ്രസ്. ഇക്കാര്യം ഉന്നയിച്ച് പാർട്ടിയുടെ മുതിർന്ന നേതാവ് സൗഗത റോയ് സ്പീക്കർ സ്പീക്കർ ഓം ബിർളയ്ക്ക് കത്തെഴുതി.
പാർട്ടി എംപി മഹുവ മൊയ്ത്രയ്ക്കെതിരേ പശ്ചിമബംഗാളിലെ നാദിയ ജില്ലയിലുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണു കത്ത്. ബുധനാഴ്ചയാണ് മഹുവയ്ക്കെതിരേ സ്വന്തം മണ്ഡലത്തിൽ ആക്രമണമുണ്ടായത്.
സംഭവത്തെക്കുറിച്ച് പശ്ചിമബംഗാൾ ഡിജിപിയെ അറിയിച്ചെങ്കിലും പോലീസ് നിഷ്ക്രിയരായി നിൽക്കുകയായിരുന്നുവെന്നാണ് തൃണമൂൽ കോൺഗ്രസിന്റെ ആരോപണം.
വിഷയവുമായി ബന്ധപ്പെട്ട് ബുധനാഴ്ച സ്പീക്കറെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിക്കാത്തതിനാൽ സ്പീക്കറുടെ ഓഫീസിലെ ഉദ്യോഗസ്ഥനോടു സംസാരിച്ചതായും സൗഗത റോയ് പറഞ്ഞു. തൃണമൂൽ നേതാക്കൾക്കെതിരേ തുടർച്ചയായി ആക്രമണമുണ്ടാകുന്ന പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിഷ് ഷായ്ക്കും നേതാക്കൾ കത്തെഴുതിയിരുന്നു.