കൊച്ചി: പശ്ചിമഘട്ട പരിസ്ഥിതി സംവേദക മേഖല (ഇഎസ്എ) സംബന്ധിച്ച കേന്ദ്ര സർക്കാരിന്റെ ഏഴാമത്തെ കരട് വിജ്ഞാപനത്തെക്കുറിച്ചുള്ള പരാതികളും അഭിപ്രായങ്ങളും സമർപ്പിക്കാനുള്ള സമയപരിധി 25ന് അവസാനിക്കാനിരിക്കേ, ഇതു സംബന്ധിച്ച കൃത്യമായ വിവരങ്ങളും ഭൂപടങ്ങളും തയാറാക്കി ജനങ്ങളെ വിശ്വാസത്തിലെടുത്ത് സമർപ്പിക്കുന്നതിന് സംസ്ഥാന സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ ആവശ്യപ്പെട്ടു.
12 വർഷത്തിലേറെയായി തുടരുന്ന ഇഎസ്എ നിർണയ നടപടിക്രമങ്ങൾ വഴി മലയോര ജനതയുടെ ആശങ്കകൾക്ക് ശാശ്വതമായ പരിഹാരം കാണാൻ കഴിഞ്ഞിട്ടില്ല. ആദ്യത്തെ കരട് വിജ്ഞാപനത്തിലെ വീഴ്ചകൾ തന്നെയാണ് ഇപ്പോഴും തുടരുന്നത് എന്നത് ജനങ്ങളുടെ ആശങ്ക വർധിപ്പിക്കുന്നു. 2026 ജൂലൈ 27ന് പുറത്തിറക്കിയ ഏഴാമത്തെ കരട് വിജ്ഞാപനത്തിൽ കേരളത്തിലെ 131 വില്ലേജുകളിലായി 9,993.7 ചതുരശ്ര കിലോമീറ്റർ പ്രദേശം ഇഎസ്എയായി നിർദേശിച്ചിരിക്കുന്നു. അതിനാൽതന്നെ ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും ഇഎസ്എയുടെ പരിധിയിൽ ഉൾപ്പെട്ടിരിക്കുന്നു എന്ന ആശങ്ക ശക്തമാണ്.
കരട് വിജ്ഞാപനത്തിൽ സൂചിപ്പിക്കുന്നതുപോലെ ഇഎസ്എ പരിധിയിൽ വരുന്ന പ്രദേശങ്ങൾ പരിശോധിച്ച് പരാതി നൽകാനാവും വിധം വില്ലേജ്തല ജിയോ കോ-ഓഡിനേറ്റ് മാപ്പുകൾ ജനങ്ങൾക്ക് ലഭ്യമാക്കിയിട്ടില്ല. മലയാള ഭാഷയിൽ കരടു വിജ്ഞാപനം സാധാരണ ജനങ്ങൾക്കു ലഭ്യമാക്കണമെന്ന കോടതി ഉത്തരവും നടപ്പിലാക്കിയിട്ടില്ല.
131 വില്ലേജുകളിലെ ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും തോട്ടങ്ങളും ഇതര സ്ഥാപനങ്ങളും ടൗൺഷിപ്പുകളും പൂർണമായും ഒഴിവാക്കണം. വനം വകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള വനമേഖലയെയും സംരക്ഷിത മേഖലകളെയും മാത്രം ഉൾപ്പെടുത്തി, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെയും ജനപ്രതിനിധികളെയും കർഷക സംഘടനകളെയും ജനങ്ങളെയും വിശ്വാസത്തിലെടുത്ത് ഇഎസ്എയുടെ മാപ്പും കൃത്യമായ വിസ്തീർണവും ഉൾപ്പടെ തയാറാക്കിയ റിപ്പോർട്ട് കേന്ദ്രത്തിന് സമർപ്പിക്കണം.
2014 മാർച്ച് 10 മുതൽ ഇഎസ്എയുമായി ബന്ധപ്പെട്ട ഏഴു കരട് വിജ്ഞാപനങ്ങൾ ഇതിനകം കേന്ദ്രം പുറപ്പെടുവിച്ചിട്ടുണ്ട്. എങ്കിലും ഉമ്മൻ കമ്മിറ്റി റിപ്പോർട്ടിലെ നിർദേശങ്ങൾ കേന്ദ്രത്തിന് സമർപ്പിച്ചതുവഴി കടന്നുകൂടിയ ഈ കരട് വിജ്ഞാപനങ്ങളിലെ തെറ്റ് എന്തുകൊണ്ട് സംസ്ഥാന സർക്കാരിന് തിരുത്തി നല്കാൻ സാധിക്കാതെ പോയി എന്നതും ആശങ്കാജനകമാണ്.
131 വില്ലേജുകളുടെ ആകെ വിസ്തീർണം 129000 ചതുരശ്ര കിലോമീറ്റർ മാത്രമായിരുന്നു. അതിൽ ജനവാസകേന്ദ്രങ്ങളും കൃഷിയിടങ്ങളും തോട്ടങ്ങളും ഉൾപ്പെടെ വരുന്ന ആകെ റവന്യൂ ഭൂമിയുടെ വിസ്തൃതി ഈ 131 വില്ലേജുകളിൽ 3000 ചതുരശ്രകിലോമീറ്ററിൽ താഴെ മാത്രമേ വരുന്നുള്ളൂ എന്നാണ് ഉമ്മൻ കമ്മിറ്റിയുടെ റിപ്പോർട്ട് കാണിക്കുന്നത്. ഇത് സംഭവിച്ചത് ഈ വില്ലേജുകളിലെ റവന്യൂ ഭൂമിയെ വനഭൂമിയായി തെറ്റായി രേഖപ്പെടുത്തി ഉമ്മൻ കമ്മിറ്റി നൽകിയതുകൊണ്ടാണ്. ഇത് അടിയന്തരമായി തിരുത്തി നല്കാൻ സർക്കാർ തയാറാകണം.
ഉമ്മൻ കമ്മിറ്റി റിപ്പോർട്ട് അടിയന്തരമായി പിൻവലിച്ച് ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെയും വിവിധ ജനകീയസംഘടനകളെയുംകൂടി ഉൾപ്പെടുത്തി ചർച്ച ചെയ്തു പുതിയ റിപ്പോർട്ടും ശിപാർശകളും തയാറാക്കണം. വനഭൂമിയും സംരക്ഷിത മേഖലകളുംമാത്രം ഉൾക്കൊള്ളുന്ന ഇഎസ്എ പ്രദേശങ്ങളുടെ ജിയോ കോഡിനേറ്റ് മാപ്പും കൃത്യമായ ഏരിയയും ഉൾപപെടുന്ന ഒരു റിപ്പോർട്ട് ഇതുവരെ സമർപ്പിക്കപ്പെട്ടില്ല എന്നറിയുന്നു. കഴിഞ്ഞ 12 വർഷങ്ങളായി മതിയായ രേഖകൾ ഉള്ള തങ്ങളുടെ ഭൂമിയെ സംബന്ധിച്ച ജനങ്ങളുടെ അവസാനിക്കാത്ത ആശങ്കയും ക്രയവിക്രയങ്ങളിലും ബാങ്ക് ഇടപാടുകളിലും അനുബന്ധ വിഷയങ്ങളിലും നേരിടുന്ന പ്രതിസന്ധികളും പരിഹരിക്കാൻ സർക്കാർ ശ്രമിക്കാത്തത് ജനങ്ങളെ ദുരിതത്തിലാക്കിയിരിക്കുകയാണ്.
ഇഎസ്എ കരടു വിജ്ഞാപനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ സമർപ്പിക്കാൻ പോകുന്ന റിപ്പോർട്ട് 98 വില്ലേജുകളെ ഉൾപ്പെടുത്തിക്കൊണ്ട് 8590 ചതുരശ്രകിലോമീറ്റർ ഇഎസ് എ ഏരിയ ആണെന്ന് മുഖ്യമന്ത്രിയുടെ പ്രസ്താവനയിൽനിന്ന് വ്യക്തമായിരുന്നു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് തയാറാക്കി നൽകിയ റിപ്പോർട്ടിന്റെ പതിപ്പ് തന്നെയാണിത് എന്നുവേണം കരുതാൻ. ഈ വില്ലേജുകളിലെ ഇഎസ്എ പരിധിയിൽ ഉൾപ്പെടാവുന്ന ഫോറസ്റ്റ്/ സംരക്ഷിത മേഖല എന്നവകാശപ്പെടുന്ന ഭൂമി വനംവകുപ്പിന്റെ രേഖകൾ അനുസരിച്ച് ഏഴായിരത്തിൽ താഴെ ചതുരശ്ര കിലോമീറ്ററാണ്.
ഉമ്മൻ കമ്മിറ്റി റിപ്പോർട്ടിൽ പറ്റിയ തെറ്റാണ് 9107 ചതുരശ്ര മീറ്റർ ഫോറസ്റ്റ് 123 വില്ലേജുകളിൽ എന്നുള്ളത്. ഈ തെറ്റായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉണ്ടാക്കിയിട്ടുള്ള ഇ പ്പോഴത്തെ 98 വില്ലേജുകളിലെ ഫോറസ്റ്റും സംരക്ഷിത പ്രദേശങ്ങളും മാത്രം ഉൾപ്പെടുന്ന 8590 ചതുരശ്രകിലോമീറ്റർ ഇഎസ്എ എന്ന കണക്കും അതിനാൽ തന്നെ തെറ്റാണ്. ഈ റിപ്പോർട്ട് അനുസരിച്ച് അന്തിമ വിജ്ഞാപനം വന്നാൽ നിലവിൽ 98 വില്ലേജുകളിൽ ഉള്ള 7,000 ൽ താഴെ ചതുരശ്രകിലോമീറ്റർ ഫോറസ്റ്റ് കഴിച്ച് ബാക്കി വരുന്ന 1600ലധികം ചതുരശ്ര കിലോമീറ്റർ ഈ വില്ലേജുകളിലെ ജനവാസ കേന്ദ്രങ്ങളിൽ നിന്നും കൃഷിയിടങ്ങളിൽ നിന്നും വനഭൂമിയായി കണ്ടെത്തേണ്ടി വരും. അങ്ങനെ സാധാരണക്കാരന്റെ ഭൂമിയിൽ വന നിയമം ബാധകമാകുന്ന ഒരു സാഹചര്യം ഉടലെടുക്കാം.
പശ്ചിമഘട്ടത്തിന്റെ പരിസ്ഥിതി സംരക്ഷണം അനിവാര്യമാണ്. അതോടൊപ്പം, മതിയായ രേഖകളോടെ പതിറ്റാണ്ടുകളായി മലയോര മേഖലകളിൽ താമസിക്കുകയും കൃഷി ചെയ്യുകയും ചെയ്യുന്ന ജനങ്ങളുടെ ജീവിതവും പാർപ്പിടങ്ങളും ഉപജീവനവും സംരക്ഷിക്കപ്പെടണം. പരിസ്ഥിതി സംരക്ഷണവും ജനങ്ങളുടെ നിലനിൽപ്പും പരസ്പരവിരുദ്ധമായി കാണാതെ, സുസ്ഥിരവികസനത്തിന്റെ കേന്ദ്രസ്ഥാനത്ത് മനുഷ്യനെ പരിഗണിച്ചുകൊണ്ടുള്ള പരിഹാരം കണ്ടെത്തുകയാണ് വേണ്ടതെന്നും മേജർ ആർച്ച്ബിഷപ് വ്യക്തമാക്കി.