ഇരിട്ടി: മാക്കൂട്ടം–പെരുമ്പാടി ചുരം റോഡിന്റെ ഗുരുതരമായ തകർച്ച പരിഹരിക്കാൻ സംസ്ഥാന സർക്കാരിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ബംഗളൂരു–കണ്ണൂർ സ്ഥിരം യാത്രക്കാരുടെ കൂട്ടായ്മയായ സഞ്ചാരം ഗ്രൂപ്പ് മന്ത്രി സണ്ണി ജോസഫിനും മുഖ്യമന്ത്രി വി.ഡി. സതീശനും നിവേദനം നല്കി. ബംഗളൂരുവിൽ ജോലി ചെയ്യുന്ന കണ്ണൂർ സ്വദേശികളായ 300 ഓളം പേരുടെ കൂട്ടായ്മയാണ് സഞ്ചാരം. അടുത്തിടെ ടാറിംഗ് നടത്തിയ ഭാഗങ്ങൾ പൂർണമായും തകർന്നത് ആശങ്കയുണ്ടാക്കുന്ന തായി നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു.
കാലവർഷത്തിന് മുമ്പ് പെരുമ്പാടി മുതൽ മെതിയടിപ്പാറ (ഹനുമാൻ ക്ഷേത്രം) വരെയുള്ള ഭാഗം മൂന്ന് റീച്ചുകളിലായി 11.75 കോടി രൂപ ചെലവഴിച്ചാണ് നവീകരിച്ചത്.
ബംഗളൂരുവിലെ ഐടി മേഖല ഉൾപ്പെടെ വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന നൂറുകണക്കിന് മലയാളികൾ ദിനംപ്രതി ഈ ചുരംപാതയെയാണ് ആശ്രയിക്കുന്നത്.
മാക്കൂട്ടം ചുരംപാത യാഥാർഥ്യമാക്കാൻ കേരള–കർണാടക സർക്കാരുകളുടെ ഏകോപിത ഇടപെടൽ അനിവാര്യമാ ണെന്നും സഞ്ചാരം കൂട്ടായ്മ ആവശ്യപ്പെട്ടു.