കൊച്ചി: കുട്ടിക്കാലത്തെ ഓണഘോഷ ഓര്‍മ്മകള്‍ പങ്കുവച്ച് നടി മാല പാര്‍വതി. എട്ടു വയസുവരെ ഓണം ഗംഭീരമായി ആഘോഷിച്ചിരുന്നെങ്കിലും അച്ഛമ്മയ്ക്ക് സ്‌ട്രോക്ക് വന്ന ശേഷം അങ്ങനെയൊരു ഓണാഘോഷം ഉണ്ടായിട്ടില്ല. ഗൈനക്കോളജിസ്റ്റ് ആയ അമ്മയ്ക്ക് ഓണക്കാലത്ത് കൂടുതല്‍ ജോലിയാകും. അമ്മയുടെ ഡെഡിക്കേഷന്‍ ആണ് ഓണമെന്ന് അച്ഛന്‍ പറഞ്ഞു തന്നിട്ടുണ്ടെന്ന് മാല പാര്‍വതി പറഞ്ഞു.
കരുനാഗപ്പള്ളി വവ്വക്കാവിടുത്ത് ചെറിയ ഗ്രാമത്തിലാണ് അച്ഛന്‍റെ വീട്. കുട്ടിക്കാലത്ത് അച്ഛന്‍റെ അമ്മയ്ക്കും അച്ഛനുമൊപ്പം എട്ടു വയസു വരെ അവിടെയാണ് ഓണം ഗംഭീരമായി ആഘോഷിച്ചത്. ഓരോ ദിവസവും ഓരോ പലഹാരമുണ്ടാക്കും. വലിയ വാര്‍പ്പില്‍ കറുത്ത അലുവ മണിക്കൂറുകള്‍ എടുത്ത് ഉണ്ടാക്കുന്നത് തന്നെ വലിയ ചടങ്ങാണ്. സ്ത്രീകളടക്കം ചില്ലിയാട്ടം പെറുക്കും. ഞങ്ങളുടെ നാട്ടില്‍ സരസമ്മ എന്ന പെങ്കൊച്ചാണ് എപ്പോഴും ജയിക്കുക.
പുലികളിയും കുടമൂത്തും തുമ്പിതുള്ളലും ഒക്കെയുള്ള ഓണക്കാലം. അച്ഛമ്മയ്ക്ക് സ്‌ട്രോക്ക് വന്ന ശേഷം അങ്ങനെയൊരു ഓണം ഞങ്ങളുടെ ഓര്‍മ്മയില്‍ ഇല്ല. എസ്‌ഐടിയില്‍ ഗൈനക്കോളജിസ്റ്റ് ആയ അമ്മയ്ക്ക് ഓണക്കാലത്ത് കൂടുതല്‍ ജോലിയാകും. ചിലപ്പോള്‍ ഹോട്ടലിലാകും സദ്യ.
അമ്മ ആശുപത്രിയിലേക്ക് ഓടുമ്പോള്‍, അച്ഛന്‍ പറഞ്ഞു തന്നിട്ടുണ്ട്, അമ്മയുടെ ഡെഡിക്കേഷന്‍ ആണ് ഓണം എന്ന്. ആ സത്യസന്ധതയാണ് വേറെ ഒന്നുമല്ല ഓണം എന്ന് അച്ഛന്‍ പറഞ്ഞു തരാറുണ്ട്. അമ്മ വന്നിട്ട് മാത്രം ഭക്ഷണം കഴിക്കുന്ന അച്ഛനെയാണ് കണ്ടിട്ടുള്ളത്. അതിന് ശേഷം ഒരിക്കലും ഒരു ഓണത്തിന് സദ്യ വേണമെന്നോ ആഘോഷം വേണമെന്നോ ആഗ്രഹിച്ചിട്ടില്ല എന്ന് മാല പാര്‍വതി പറഞ്ഞു.