കാഞ്ഞങ്ങാട്: കേരള കാര്‍ഷിക സര്‍വകലാശാല പടന്നക്കാട് കാര്‍ഷിക കോളജില്‍ നടത്തുന്ന മലബാര്‍ മാംഗോ ഫെസ്റ്റ് മധുരം 2026ന് പ്രൗഢോജ്വലമായ തുടക്കം. ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യന് ഉദ്ഘാടനം ചെയ്തു. സ്റ്റുഡന്റ്സ് യൂണിയന് പ്രസിഡന്റ് ശ്രീനാഥ് ആര്. നായര്‍ അധ്യക്ഷത വഹിച്ചു. ഡോ. പി.കെ. മിനി, ഡോ. എന്‍.കെ. ബിനിത, കാര്‍ഷിക കോളജ് ഡീന്‍ ടി. സജിതാറാണി, മാംഗോ ഫെസ്റ്റ് കണ്‍വീനര്‍ എന്‍.എസ്. അഭിനവ് എന്നിവർ പ്രസംഗിച്ചു.
പ്രവൃത്തിദിനമായിട്ടും മേളയില്‍ നല്ല തിരക്ക് അനുഭവപ്പെട്ടു. മാമ്പഴത്തിന്റെ പല ഇനങ്ങളായ മല്ലിക, റുമാനി, നീലം, മൂവാണ്ടന്‍, ഹിമപസന്ത്, അല്‍ഫോന്‍സോ എന്നിവയ്ക്കാണ് ആവശ്യകാര് ഏറെ. തോത്തപൂരി, നടശാല, ലഡു, ഹിമാപസന്ത്, മാണിക്യം, പഞ്ചവര്‍ണം, കേസര്‍, മല്‍ഗോവ, ബംഗനപ്പള്ളി, അല്‍ഫോന്‍സോ, മല്ലിക, നീലം, സിന്ദൂരം മൂവാണ്ടന്‍, റുമാനി തുടങ്ങിയവയാണ് വില്പനക്ക് ഒരുക്കിയിരിക്കുന്നത്. മാമ്പഴ വില്പനക്ക് പുറമെ നൂതന സാങ്കേതികവിദ്യ പരിചയപ്പെടുത്താനയും ടിഷ്യൂ വാഴ, ജൈവനിയത്രണ ഉപാധികളായ സ്യൂഡോമോണാസ് ട്രൈക്കോഡെര്‍മ എന്നിവയും കാര്‍ഷിക പ്രദര്‍ശനത്തില്‍ വില്പനയ്ക്കായി സജ്ജമാക്കിയിട്ടുണ്ട്.
കാര്‍ഷിക വിളകളുടെ വിത്തുകളും, തൈകളും നടീല്‍ വസ്തുക്കളും കൂടാതെ എക്സോട്ടിക് ഫ്രൂട്ട്സ് ഇനങ്ങളായ അഭിയൂ, റംബൂട്ടന്‍, ഡ്രാഗണ്‍ ഫ്രൂട്ട്, മംഗോസ്റ്റീന്‍ തുടങ്ങിയവയുടെ തൈകളും മേളയോടനുബന്ധിച്ച വില്പനക്കായി ഒരുക്കിയിട്ടുണ്ട്. കൂടാതെ കുട്ടികള്‍ തന്നെ തയാറാക്കുന്ന രുചികരമായ മാംഗോ സാഗോ, മാംഗോ മസ്താനി, ശീതളപാനീയങ്ങള്‍, മോമോസ്, പാനിപുരി തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്.
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പങ്കെടുക്കാന്‍ ചെറിയ ഗെയിം സെക്ഷനും മേളയുടെ ഭാഗമാകുന്നു. അവസാനവര്‍ഷ ബിരുദവിദ്യാര്‍ഥികള്‍ ഒരുക്കിയിട്ടുള്ള ഇഎല്‍പി സ്റ്റാളുകളും മേളയുടെ ഭാഗമാകുന്നു.
നാളികേര മിഷന്റെ ആഭിമുഖ്യത്തില്‍ നീരയും നീരയില്‍ നിന്നുള്ള വിവിധ ഉത്പന്നങ്ങളും ലഭ്യമാണ്. മേളയുടെ ആദ്യ മൂന്നുദിവസങ്ങളിലായി കര്‍ഷകര്‍ക്കുവേണ്ടി സെമിനാറുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇന്നലെ പശുവളര്‍ത്തല്‍ - അറിവോടെ വളര്‍ത്താം ലാഭത്തോടെ മുന്നേറാം എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. മേള മൂന്നിന് സമാപിക്കും.