Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MalabarMilma

പിരിച്ചുവിടപ്പെട്ട മലബാര്‍ മില്‍മ ഭരണസമിതി ചൊവ്വാഴ്ച വീണ്ടും ഭരണമേറ്റെടുക്കും

കോഴിക്കോട്: മലബാര്‍ മില്‍മ യൂണിയന്‍റെ തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി പിരിച്ചുവിട്ട ക്ഷീരവികസന വകുപ്പ് നടപടി ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തില്‍ ചെയര്‍മാന്‍ കെ.എസ്. മണിയുടെ നേതൃത്വത്തിലുള്ള മലബാര്‍ മില്‍മ ഭരണസമിതി നാളെ വീണ്ടും ഭരണമേറ്റെടുക്കും.

പെരിങ്ങളത്തെ മില്‍മ ഹെഡ് ഓഫീസിനു സമീപത്തെ ഡയറിക്കു മുമ്പില്‍ രാവിലെ പത്തു മണിയോടെ ചെയര്‍മാന്റെ നേതൃത്വത്തില്‍ ഭരണസമിതി അംഗങ്ങള്‍, ക്ഷീര സംഘം പ്രസിഡന്റുമാര്‍ എന്നിവര്‍ ഒത്തു ചേരും. തുടര്‍ന്ന് പ്രകടനമായി ഹെഡ് ഓഫീസിലേക്ക് നീങ്ങി ചെയര്‍മാനും അംഗങ്ങളും ഭരണച്ചുമതല ഏറ്റെടുക്കും.

നിയമപരമായ നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് പിരിച്ചുവിടല്‍ നടന്നതെന്ന് ചൂണ്ടിക്കാണിച്ചാണ് ഹൈക്കോടതി വിഷയത്തില്‍ ഇടപെട്ടത്. അന്വേഷണ സംഘത്തിന് തെളിവുകളും രേഖകളും ശേഖരിക്കാന്‍ 10 ദിവസം കൂടി അനുവദിച്ച കോടതി, ഇതിനു ശേഷം ഈ മാസം 24നകം ഭരണസമിതി പുനഃസ്ഥാപിക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഭരണസമിതി പിരിച്ചുവിട്ട നടപടി ചോദ്യം ചെയ്ത് കെ.എസ്. മണി അടക്കമുള്ളവരാണ് ഹര്‍ജി സമര്‍പ്പിച്ചത്.

സാമ്പത്തിക ക്രമക്കേടും ഭരണപരമായ വീഴ്ചകളും ആരോപിച്ച് ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 18നാണ് ഭരണസമിതിയെ പിരിച്ചുവിട്ടത്. എന്നാല്‍, മുന്‍കൂര്‍ നോട്ടീസ് നല്‍കാതെയും സഹകരണ നിയമത്തിലെ നടപടിക്രമങ്ങള്‍ പാലിക്കാതെയുമാണ് നടപടിയെടുത്തതെന്ന് നിരീക്ഷിച്ചാണ് കോടതി പിരിച്ചുവിടല്‍ റദ്ദാക്കിയത്.

അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ ഭരണസമിതിക്ക് ദൈനംദിന ഭരണകാര്യങ്ങള്‍ മാത്രമേ നിര്‍വഹിക്കാന്‍ സാധിക്കുകയുള്ളൂ. നയപരമായ തീരുമാനങ്ങള്‍ എടുക്കാന്‍ പാടില്ലെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

ഒരു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കാനും തുടര്‍ന്ന് ഒരു മാസത്തിനകം നിയമപരമായ നടപടികള്‍ പാലിച്ച് പുതിയ ഉത്തരവ് പുറപ്പെടുവിക്കാനും രജിസ്ട്രാര്‍ക്ക് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിശ്ചിത സമയത്തിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയായില്ലെങ്കില്‍ ഭരണസമിതിക്ക് നയപരമായ തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയും.

Latest News

Corehub Up