തിരുവനന്തപുരം: മിൽമ മലബാർ മേഖലാ യൂണിയൻ പിരിച്ചുവിട്ടതിന് പിന്നാലെ വിശദ അന്വേഷണത്തിന് മൂന്നംഗ സംഘത്തെ നിയോഗിച്ച് സർക്കാർ. മിൽമ ജോയിന്റ് ഡയറക്ടർ ജയസൂജീഷിന്റെ നേതൃത്വത്തിൽ ഡെപ്യൂട്ടി ഡയറക്ടർ സജിനി, അസിസ്റ്റന്റ് ഡയറക്ടർ സ്മിത എന്നിവരാണ് അന്വേഷണം നടത്തുന്നത്.
പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയ കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് വിശദ അന്വേഷണത്തിന് സംഘത്തെ നിയോഗിച്ചത്. ഇവർ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടികൾ. ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയാൽ വിജിലൻസ് അന്വേഷണത്തിന് ശിപാർശ ചെയ്യുമെന്നും അധികൃതർ വ്യക്തമാക്കി.
മലബാർ റൂറൽ ഡെവലപ്മെന്റ് ഫൗണ്ടേഷനിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട പരാതികളാണ് മലബാർ മേഖലാ യൂണിയൻ പിരിച്ചുവിടുന്നതിലേക്ക് നയിച്ചത്. ക്ഷീരവികസന വകുപ്പ് രജിസ്ട്രാറാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. എംആർഡിഎഫ് രൂപീകരിച്ചതിന് ശേഷം ഇതുവരെ ഓഡിറ്റ് നടത്തിയിട്ടില്ലെന്നും പരിശോധനയിൽ കണ്ടെത്തിയിരുന്നു.
ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക ക്രമക്കേടുകൾ നടന്നതായും പരാതിയുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ ക്ഷീരവികസന വകുപ്പ് വയനാട് ഡെപ്യൂട്ടി ഡയറക്ടറെ അഡ്മിനിസ്ട്രേറ്ററായി ചുമതലപ്പെടുത്തിയിട്ടുണ്ട്. കാസർഗോഡ് ഡയറിയിൽ ഗുണനിലവാരമില്ലാത്ത പാൽ സംഭരിച്ചതിലൂടെ 27.45 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായും നഷ്ടപ്പെട്ട തുക ഈടാക്കാതെ കണക്കിൽ കുറവ് വരുത്തിയതായും പരാതിയുണ്ട്.
മലപ്പുറം ഡയറിയിൽ നെയ്യ് മോഷണം നടന്നതായും പാലുൽപ്പന്നങ്ങളുടെ സ്റ്റോക്കിൽ 84.45 ലക്ഷം രൂപയുടെ ക്രമക്കേട് ഉണ്ടായതായും ആരോപണമുണ്ട്. മലപ്പുറം ഡയറി ഉദ്ഘാടനത്തിനായി 1.50 കോടി രൂപ ചെലവഴിച്ചതായും 50 ലക്ഷം രൂപയുടെ ഗ്രാൻഡ് ലഭിക്കുന്നതിനായി 25 ലക്ഷം രൂപ ചെലവഴിച്ചതായും പരാതിയിൽ ആരോപിക്കുന്നു.
ഇവയുൾപ്പെടെയുള്ള ആരോപണങ്ങളാണ് അന്വേഷണ സംഘം പരിശോധിക്കുക. അന്വേഷണത്തിൽ ഗുരുതര ക്രമക്കേടുകൾ സ്ഥിരീകരിച്ചാൽ തുടർനടപടികൾ സ്വീകരിക്കാനാണ് സർക്കാർ തീരുമാനം.