മലപ്പുറം: മലപ്പുറം ഗവണ്മെന്റ് കോളജ് സമഗ്രമായി പുനർനിർമിക്കുന്നതിന് നബാർഡിന്റെ സഹായത്തോടെ വികസന പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. ഇതിനായുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മലപ്പുറം കോളജിൽ പുതുതായി അനുവദിച്ച കോഴ്സുകളുടെയും വിവിധ വികസന പദ്ധതികളുടെയും ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോളജിൽ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പത്താമത് കേരള ഹിസ്റ്ററി കോണ്‍ഫറൻസും മന്ത്രി ഉദ്ഘാടനം ചെയ്തു.
കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഇ.ടി. മുഹമ്മദ് ബഷീർ എംപി അധ്യക്ഷത വഹിച്ചു. ബിഎസ്സി സ്റ്റാറ്റിസ്റ്റിക്സ് വിത്ത് ഡേറ്റാ സയൻസ്, ബിഎ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, എംഎ അറബിക് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ തുടങ്ങിയ പുതിയ കോഴ്സുകളാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്. 1.25 കോടി രൂപ ചെലവിൽ നിർമിച്ച സയൻസ് ബ്ലോക്കിന്റെ മൂന്നാം നിലയും ചടങ്ങിൽ തുറന്നുകൊടുത്തു. 35 ലക്ഷം രൂപയുടെ ഓഡിറ്റോറിയം നവീകരണം, 40 ലക്ഷം രൂപയുടെ ലൈബ്രറി ട്രസ് വർക്ക് തുടങ്ങിയവയുടെ നിർമാണോദ്ഘാടനവും മന്ത്രി നിർവഹിച്ചു.
ചടങ്ങിൽ ദേശീയ ഫെൻസിംഗ് ചാന്പ്യൻഷിപ്പിൽ ഓവറോൾ ജേതാക്കളായ കോളജ് ടീമിനുള്ള ഉപഹാരവും അദ്ദേഹം കൈമാറി. കളക്ടർ ഡോ. വിനയ് ഗോയൽ, കോളജ് പ്രിൻസിപ്പൽ പ്രഫ. ഡോ. സൈനുൽ ആബിദ് കോട്ട, മുൻ എംഎൽഎ പി. ഉബൈദുള്ള, നഗരസഭാ ചെയർപേഴ്സണ്‍ റിനിഷ റഫീഖ്, നഗരസഭാ പ്രതിപക്ഷ നേതാവ് എം.കെ. അനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. കാലിക്കട്ട് സിൻഡിക്കറ്റ് അംഗങ്ങളായ എ.ടി. അബ്ദുൾ ജബ്ബാർ, ടി.ജെ. മാർട്ടിൻ, കോളജ് യൂണിയൻ ചെയർമാൻ വി.പി. നസീഹ്, ഹിസ്റ്ററി കോണ്‍ഫറൻസ് പ്രസിഡന്റ് ഡോ. മോഹൻദാസ് തുടങ്ങിയവർ പങ്കെടുത്തു.