മലപ്പുറം: മലപ്പുറം ജില്ലയിലെ മലയോര മേഖലയിൽ മഞ്ഞപ്പിത്തം പടരുന്നു. ഒരേ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച നിരവധിയാളുകളിൽ രോഗബാധ കണ്ടെത്തി. മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന പെവുന്തറ സ്വദേശി സത്താർ മരിച്ചു.
കാളികാവ് ജംഗ്ഷനിലെ ഹോം അപ്ലയൻസസ് ഉടമയാണ് സത്താർ. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിരിക്കെയാണ് മരണം.
വണ്ടൂർ ബ്ലോക്കിന് കീഴിൽ മാത്രം രോഗം കണ്ടെത്തിയത് 95 പേരിലാണ്. മഞ്ചേരി വണ്ടൂർ റൂട്ടിലുള്ള ഒരു ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. . ഇതേ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച കാളികാവ്, ചോക്കാട്, പോരൂർ തിരുവാലി എന്നീ സമീപ സ്ഥലങ്ങളിൽ ഉള്ളവരിലും രോഗം കണ്ടെത്തിയിട്ടുണ്ട്.
സെപ്റ്റംബർ ഒന്നിനും 18നും ഇടയിൽ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് രോഗബാധ. ഹോട്ടലിൽ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ ഇ കോളിൻ സാന്നിധ്യവും കണ്ടെത്തി. ഇതോടെ ഹോട്ടൽ ആരോഗ്യവകുപ്പ് അടപ്പിച്ചു.
ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത് വണ്ടൂർ പഞ്ചായത്തിലാണ്. വണ്ടൂരിൽ 55, പോരൂരിൽ 15, തിരുവാലിയിൽ 14, കാളികാവിൽ ഒൻപത്, തൃക്കലങ്ങോട് 5, മമ്പാട് ഒന്ന് എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്.