മലയാള സിനിമാ വ്യവസായം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ. ഈ വർഷത്തെ ആദ്യ രണ്ട് മാസങ്ങളിൽ തിയറ്ററിലും ഒടിടികളിലുമായി റിലീസ് ചെയ്തത് 43 ചിത്രങ്ങളാണ്. ഇവയിൽ 32 ചിത്രങ്ങളും ദയനീയമായി തകർന്നടിഞ്ഞു.
’ചത്താ പച്ച’, ’പ്രകമ്പനം’ എന്നീ ചിത്രങ്ങൾക്ക് മാത്രമാണ് ബോക്സ് ഓഫീസിൽ ചലനം സൃഷ്ടിക്കാനായത്. വമ്പൻ ഹൈപ്പിൽവന്ന ജിത്തു ജോസഫിന്റെ ’വലതുവശത്തെ കള്ളൻ’, കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്ന സൂപ്പർഹിറ്റ് സിനിമയ്ക്കു ശേഷം നാദിർഷായും വിഷ്ണു ഉണ്ണികൃഷ്ണനും ഒന്നിച്ച ‘മാജിക് മഷ്റൂംസ്’, ‘സർവം മായ’യുടെ വൻവിജയത്തിനു ശേഷം വലിയ പ്രതീക്ഷയോടെയെത്തിയ നിവിൻ പോളിയുടെ ‘ബേബി ഗേൾ’ എന്നിവയെല്ലാം ബോക്സോഫീസിൽ തകർന്നു വീഴുകയായിരുന്നു.
വലിയ താരചിത്രങ്ങൾ കുറവായതിനാൽ ചെറുബജറ്റ് ചിത്രങ്ങളും പരീക്ഷണാത്മക സിനിമകളുമാണ് കൂടുതലും കഴിഞ്ഞ മാസങ്ങളിൽ പുറത്തിറങ്ങിയത്.
ചത്താ പച്ചയും പ്രകമ്പനവും മാനം കാത്തു
ജനുവരിയിൽ ആഴ്ചകളുടെ വ്യത്യാസത്തിൽ റിലീസായ ചത്താ പച്ചയും പ്രകന്പനവുമാണ് അല്പമെങ്കിലും പിടിച്ചുനിന്നത്. ജനുവരി 23ന് റിലീസ് ചെയ്ത 12-15 കോടി ബജറ്റിലിറങ്ങിയ ചത്താ പച്ച ലോകവ്യപകമായി 35.5 കോടി രൂപ കളക്ഷൻ നേടി. പിറ്റേ ആഴ്ച റിലീസ് ചെയ്ത പ്രകന്പനത്തിന്റെ ബജറ്റ് 4-5 കോടിയായിരുന്നു.
കളക്ഷൻ 20 കോടിയിലേറെയും. മൗത്ത് പബ്ളിസിറ്റിയും യുവ പ്രേക്ഷകരിൽനിന്നു ലഭിച്ച മികച്ച പ്രതികരണവുമാണ് ചത്താ പച്ചയെ രക്ഷിച്ചെടുത്തതെങ്കിൽ കഥയുടെ പുതുമയും സസ്പെൻസും പ്രകന്പനത്തെ തുണച്ചു. ഇതിലൂടെ വലിയ നഗരങ്ങളിലെ പ്രേക്ഷകരുടെ ഇടയിൽ പ്രകന്പനത്തിന് സ്വീകാര്യത ലഭിച്ചു.
തുടക്കം മികച്ചത്; ലോംഗ് റണ്ണിൽ പതറി
ജനുവരി മാസം വലിയ പ്രതീക്ഷകളോടെ റിലീസ് ചെയ്ത ചിത്രങ്ങൾ നല്ല തുടക്കത്തിനു ശേഷം പിടിച്ചുനില്ക്കാനാവാതെ അനിവാര്യമായ പരാജയം പുല്കുന്നതാണു കണ്ടത്. ജിത്തു ജോസഫിന്റെ വലതുവശത്തെ കള്ളൻ ആദ്യ ദിവസം നേടിയത് 1.1 കോടി രൂപയാണ്. വലിയ വിജയത്തിലേക്കു കുതിക്കുമെന്നു കരുതിയ ചിത്രം പക്ഷേ, അടുത്ത ദിവസങ്ങളിൽ കളക്ഷൻ കൂപ്പുകുത്തുന്നതാണ് കണ്ടത്. 16 കോടി ബജറ്റിലൊരുങ്ങിയ ചിത്രം ആദ്യവാരം പൂർത്തിയായപ്പോൾത്തന്നെ പരാജയമാകുമെന്ന് ഉറപ്പായിരുന്നു. ഒടുവിൽ ഏഴു കോടിയിൽ താഴെ കളക്ഷനിൽ പ്രദർശനം അവസാനിപ്പിച്ചു.
ഏതാണ്ടു സമാനമായ അവസ്ഥയായിരുന്നു ബേബി ഗേളിനും നേരിടേണ്ടിവന്നത്. ആദ്യ ആഴ്ചയിൽ 2.6 കളക്ഷൻ നേടിയ ചിത്രവും ഒാടിത്തളർന്നു വീഴുന്ന കാഴ്ചയാണ് കണ്ടത്. ഒടുവിൽ ലഭിച്ച വിവരം അനുസരിച്ച് വേൾഡ് വൈഡ് ചിത്രം നേടിയത് 10 കോടിയിൽ താഴെയാണ്.
ഒരു കാലത്ത് കുടുംബ പ്രേക്ഷകരുടെ പ്രിയതാരമായിരുന്ന ജയറാമിന്റെ ആശകളായിരം ഡിസാസ്റ്ററായതും ഫെബ്രുവരിയിൽ കണ്ടു. ജയറാമിനൊപ്പം മകൻ കാളിദാസ് എത്തിയിട്ടും വിധി എതിരായിരുന്നു. വൈശാഖിന്റെ സീനിയേഴ്സും മിഥുൻ മാനുവൽ തോമസിന്റെ ഓസ്ലറും മാത്രമാണ് കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടിനിടെ ശ്രദ്ധിക്കപ്പെട്ട ജയറാമിന്റെ ചിത്രങ്ങൾ എന്നുകൂടി ഓർക്കണം.
ഭാവനയും റഹ്മാനും ഒന്നിച്ച അനോമി എന്ന ചിത്രത്തിന്റെ പരാജയവും എടുത്തു പറയേണ്ടതാണ്. ആദ്യ ആഴ്ച ചിത്രം നേടിയ കളക്ഷൻ 89 ലക്ഷം മാത്രമാണ്. ത്രില്ലർ ജോണറിൽ വന്ന ചിത്രം ഒട്ടും ത്രില്ലടിപ്പിച്ചില്ലെന്നു ചുരുക്കം. 1983 എന്ന സൂപ്പർഹിറ്റ് സിനിമയിലൂടെ മലയാളസിനിമയിൽ അരങ്ങേറിയ എബ്രിഡ് ഷൈനും 2026 ൽ കൈപൊള്ളി.
അദ്ദേഹത്തിന്റെ സ്പാ എന്ന ചിത്രം നിലവിൽ തീയറ്ററിലുണ്ടെങ്കിലും പുറത്തുവരുന്ന റെസ്പോണ്സ് പ്രതീക്ഷ നൽകുന്നതല്ല. കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്ന സൂപ്പർഹിറ്റ് ചിത്രത്തിനു ശേഷം നാദിർഷാ- വിഷ്ണു ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച മാജിക് മഷ്റൂം എന്ന ചിത്രവും പരാജയമായി. ഒട്ടും പബ്ലിസിറ്റി ഇല്ലാതെ ഫാന്റസി/ ഫാമിലി ജോണറിലെത്തിയ ചിത്രം വന്നതും പോയതും പ്രേക്ഷകർ അറിഞ്ഞില്ല എന്നുപറഞ്ഞാലും അതിശയോക്തിയാവില്ല.
വരാനിരിക്കുന്നത് വമ്പൻ പടങ്ങൾ; പ്രതീക്ഷകൾ വാനോളം
ഇനി വരാനിരിക്കുന്നത് വലിയ പ്രോജക്റ്റുകളാണെന്നതാണ് മലയാള സിനിമയുടെ പ്രതീക്ഷ. ഏറ്റവും വലിയ റിലീസുകളിലൊന്ന് മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന മഹേഷ് നാരായണൻ ചിത്രമായ പേട്രിയട്ടാണ്. ഇരുവരും ഒരുമിച്ച് സ്ക്രീനിൽ വന്നിട്ടുള്ളപ്പോഴൊക്കെ ബ്ലോക്ക്ബസ്റ്ററുകൾ പിറന്നിട്ടുമുണ്ട്.
കുഞ്ചാക്കോ ബോബൻ, നയൻതാര, ഫഹദ് ഫാസിൽ തുടങ്ങിയ താരങ്ങളും ഒന്നിക്കുന്പോൾ പിറക്കാനിരിക്കുന്നത് ചരിത്രമാണെന്നാണ് ചലച്ചിത്ര പ്രേമികൾ പറയുന്നത്. കേരളത്തിലെയും ഇന്ത്യയിലെയും ലൊക്കേഷനുകൾക്ക് പുറമേ ശ്രീലങ്ക, യുകെ, അസർബെയ്ജാൻ, ഷാർജ എന്നിവിടങ്ങളിലായി ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി. 100 കോടിക്കു മുകളിലാണ് ചിത്രത്തിന്റെ ബജറ്റെന്നാണ് പുറത്തുവരുന്ന വിവരം.
ചിലർ വരുന്പോൾ ചരിത്രം വഴിമാറും എന്ന പഴഞ്ചൊല്ലിനെ അന്വർഥമാക്കുന്ന വരവായിരുന്നു ജോർജുകുട്ടിയുടേത്. ഗീതാ പ്രഭാകറിന് അന്ത്യക്രിയ ചെയ്യാൻ വരുണിന്റെ അസ്ഥികൾ മാത്രം നൽകി അവസാനിച്ച ദൃശ്യം രണ്ട് മലയാളികളുടെ മനസിൽ നിരവധി സംശയങ്ങളാണ് അവശേഷിപ്പിക്കുന്നത്.
ഈ വർഷം വരാനിരിക്കുന്ന ഏറ്റവും വലിയ പടം ഏതാണെന്നു ചോദിച്ചാൽ ജിത്തു ജോസഫ്-മോഹൻലാൽ കൂട്ടുകെട്ടിലിറങ്ങുന്ന ദൃശ്യം മൂന്ന് എന്നു പറയുന്നവരുടെ തട്ട് താണുതന്നെയിരിക്കും.
തിയറ്ററിൽ പരാജയപ്പെട്ട ഒരു ചിത്രം പിന്നീട് കൾട്ട് സ്റ്റാറ്റസ് നേടുന്നത് പലതവണ മലയാളികൾ കണ്ടിട്ടുണ്ട്. ആ ഗണത്തിൽ അവസാനം പേരു ചേർത്ത ചിത്രമാണ് തിയേറ്ററിൽ പ്രേക്ഷകർ തിരസ്കരിച്ച ജയസൂര്യയും ടീമും വേഷമിട്ട ആട് ഒരു ഭീകര ജീവിയാണ് എന്ന ചിത്രം. ഒന്നാം ഭാഗത്തിന് ഫാൻസ് ഉണ്ടായത് ഡിജിറ്റൽ സ്പെയ്സിലാണ്.
അതു തിരിച്ചറിഞ്ഞ മിഥുൻ മാനുവൽ തോമസ് അതിന്റെ രണ്ടാം ഭാഗം പുറത്തിറക്കി. അതു സൂപ്പർ ഹിറ്റായതോടെ മൂന്നാം ഭാഗവും വരുന്നു. അതായത് ഷാജി പാപ്പനും സർബത്ത് ഷമീറും അറയ്ക്കൽ അബുവും വീണ്ടും വരുന്നു എന്നു സാരം.
നീട്ടി വളർത്തിയ താടിയും തലമുടിയുമായി ജയസൂര്യ പൊതു വേദികളിൽ പ്രത്യക്ഷപ്പെട്ടപ്പോൾ പ്രേക്ഷകർ അദ്ഭുതപ്പെട്ടു. സ്വാഭാവികമായി എല്ലാവരും ചോദിച്ചു ഏതാണു സിനിമയെന്ന്. മാന്ത്രികനായ വൈദികൻ കടമറ്റത്തു കത്തനാരായി ജയസൂര്യ പരകായപ്രവേശം നടത്തിതാണന്ന് മനസിലാക്കിയതോടെ കാത്തിരിപ്പാരംഭിച്ചു.
കാത്തിരിപ്പിനു വിരമമാവാൻ മാസങ്ങൾ മാത്രം. ഗോകുലം ഗോപാലൻ നിർമിക്കുന്ന ചിത്രത്തിന്റെ ബജറ്റ് 90 കോടിയാണെന്നാണ് പുറത്തുവരുന്ന വിവരം. കള്ളിയങ്കാട്ടു നീലിയായി വരുന്നത് അനുഷ്ക ഷെട്ടിയാണ് ആടിലൂടെയും കത്തനാരിലൂടെയും 2026 ജയസൂര്യയുടെ വർഷമാകുമോയെന്ന് കാത്തിരുന്നു കാണാം.