ബംഗളൂരു: മലയാളി വ്യവസായി ബംഗളൂരുവിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കണ്ണൂർ പെരിങ്ങത്തൂർ മേക്കുന്ന് സ്വദേശി പുത്തൻപുരയിൽ യൂനുസ് മഹമൂദ് (50) ആണ് മരിച്ചത്.
ബംഗളൂരു ഇലക്ട്രോണിക് സിറ്റിയിലെ താമസസ്ഥലത്ത് വച്ചാണ് ഇദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായത്. 10 വർഷത്തോളമായി ബംഗളൂരുവിൽ താമസിക്കുന്ന ഇദ്ദേഹം തലശേരി റെസ്റ്റോറന്റ് എന്ന സ്ഥാപനത്തിന്റെ ഉടമകളിൽ ഒരാളാണ്.
വ്യാഴാഴ്ച രാത്രിയാണ് യൂനസിന് ഹൃദയാഘാതമുണ്ടായത്. പിന്നീട് ആൾ ഇന്ത്യ കെഎംസിസി ബംഗളൂരു പ്രവർത്തകരുടെ സഹായത്തോടെ ശിഹാബ് തങ്ങൾ സെന്ററിൽ അന്ത്യകർമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുവന്നു.
പരേതനായ മുഹമ്മദാണ് പിതാവ്. മാതാവ് ആയിഷ. ഭാര്യ ജസ്ന. ഫർദീൻ, രഹാൻ, സഹല എന്നിവർ മക്കളാണ്. സഹോദരി സമീറ. സംസ്കാരം പെരിങ്ങത്തൂർ ജുമാ മസ്ജിദിൽ നടക്കും.