വാര്‍സോ: പോളണ്ടില്‍ ആരംഭിച്ച "മലയാളി' എന്ന ബീവറേജ് ബ്രാന്‍ഡ്, രാജ്യത്തിന്റെ അന്താരാഷ്ട്ര വാണിജ്യ - സാംസ്കാരിക വളര്‍ച്ചയുടെയും ഭാഗമാകുന്നു.
മലയാളിയായ സംരംഭകന് ചന്ദ്രമോഹന് നല്ലൂര് സ്ഥാപിച്ച ഈ ബ്രാന്‍ഡിന്റെ ആല്‍ക്കഹോള്‍ രഹിത പതിപ്പായ ‘മലയാളി ഹബീബി’, പോളണ്ടിന്റെ ദേശീയ സ്വാതന്ത്ര്യദിനാഘോഷങ്ങളോട് അനുബന്ധിച്ച് ഖത്തറില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പോളിഷ് രുചിയെ പ്രതിനിധീകരിച്ചു അവതരിപ്പിക്കപ്പെട്ടു.
പോളണ്ട് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി മലയാളി ഹബീബി എന്ന ബ്രാൻഡ് പരിചയപ്പെടുത്തിയത്. ഒരു പ്രവാസി മറ്റൊരു രാജ്യത്ത് സംരംഭം കെട്ടിപ്പടുക്കുക എന്നതിലുപരി, താന്‍ ജീവിക്കുന്ന രാജ്യത്തിന്റെ രുചിയും സംരംഭകത്വ മികവും അന്താരാഷ്ട്ര വേദിയില്‍ പരിചയപ്പെടുത്താന്‍ സാധിച്ചുവെന്ന് ചന്ദ്രമോഹന് നല്ലൂര് പറഞ്ഞു.
കേരളത്തില്‍ വേരുകളുള്ള സംരംഭകന് പോളണ്ടില്‍ വളര്‍ത്തിയെടുത്ത ബ്രാന്‍ഡ് ഖത്തറില്‍ പോളിഷ് രുചിയുടെ പ്രതിനിധിയായി എത്തിപെടാന്‍ കഴിഞ്ഞത് ഏറെ പ്രാധാന്യം നേടികൊടുത്തുവെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഒരു രാജ്യത്തേക്ക് കുടിയേറിയ വ്യക്തിക്ക് അവിടുത്തെ സമൂഹത്തിന്റെ ഭാഗമാകാനും സംരംഭങ്ങള്‍ കെട്ടിപ്പടുക്കാനും ആ രാജ്യത്തിന്റെ പേരില്‍ അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടാനും കഴിയുമെന്ന് തെളിയിക്കുന്നതാണ് ചന്ദ്രമോഹന് നല്ലൂരിന്റെയും ‘മലയാളി’യുടെയും യാത്ര.
പ്രവാസി സംരംഭകത്വത്തിന്റെ വിജയകഥ മാത്രമല്ല, പോളണ്ടിന്റെ രുചിയും അഭിമാനവും അന്താരാഷ്ട്ര വേദിയിലേക്ക് എത്തിക്കുന്ന സംരംഭമെന്ന നിലയിലും ഈ ബ്രാന്‍ഡ് ശ്രദ്ധേയമായെന്ന് ഇന്‍ഡോ പോളിഷ് ബിസിനസ് ചേംബറിന്റെ വക്താക്കളും അഭിപ്രായപ്പെട്ടു.
തുടക്കത്തില്‍ അപ്രതീക്ഷിതമായി ഉയര്‍ന്ന ആശയമായിരുന്നെങ്കിലും, പിന്നീട് സ്വന്തം വ്യക്തിത്വവും വിപണിയും അന്താരാഷ്ട്ര സാധ്യതകളുമുള്ള ബ്രാന്‍ഡായി ‘മലയാളി’ മാറി. മിഡില്‍ ഈസ്റ്റ് വിപണിയെ കൂടി ലക്ഷ്യമിട്ട് അവതരിപ്പിച്ച ‘മലയാളി ഹബീബി’ ഈ യാത്രയിലെ ശ്രദ്ധേയമായ അധ്യായമാണ്.
ആല്‍ക്കഹോള്‍ രഹിതമായ ഈ പതിപ്പ് വിവിധ രാജ്യങ്ങളിലെ ഉപഭോക്താക്കളിലേക്ക് എത്താനുള്ള ശ്രമങ്ങള്‍ കമ്പനി ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു.