കുവൈറ്റ് സിറ്റി: കുവൈറ്റിൽ മലയാളി വനിതാ നഴ്സുമാർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് 11 പേർക്ക് പരിക്കേറ്റു. ഫർവാനിയ ആശുപത്രിയിലെ നഴ്സുമാരാണ് അപകടത്തിൽപ്പെട്ടത്.
ഇതിൽ ഒരാളുടെ പരിക്ക് ഗുരുതരമാണ്. ചൊവ്വാഴ്ച രാത്രി അബ്ബാസിയയിൽനിന്ന് ഫർവാനിയ ആശുപത്രിയിലേക്ക് ജോലിക്കായി പോകുന്നതിനിടെയാണ് അപകടമുണ്ടായത്.
അപകടത്തിന് പിന്നാലെ ബസ് ഡ്രൈവർ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടതായാണ് വിവരം. പരിക്കേറ്റ 11 പേരെയും ഉടൻതന്നെ ഫർവാനിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഒരാളുടെ കൈയ്ക്കും തോളിനും ശരീരത്തിന്റെ മറ്റു ഭാഗങ്ങൾക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മറ്റ് പത്ത് പേരുടെയും പരിക്കുകൾ ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.
പരിക്കേറ്റവർക്ക് ആശുപത്രിയിൽ ചികിത്സ തുടരുകയാണ്.