എണ്ണപ്പാറ: മലയാറ്റുകരയിൽ പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറിക്കെതിരായുള്ള സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ജനകീയ സമരസമിതിയുടെയും വിവിധ ഊരുകൂട്ടങ്ങളുടെയും നേതൃത്വത്തിൽ ഇന്ന് മനുഷ്യച്ചങ്ങല തീർക്കും.
ആദിവാസികളെ കൂടി മനുഷ്യരായി പരിഗണിക്കണമെന്ന് കഴിഞ്ഞദിവസം ചേർന്ന പ്രത്യേക ഊരുകൂട്ടം പാസാക്കിയ പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു. പരിസ്ഥിതിക്കും മനുഷ്യനും മറ്റു ജീവജാലങ്ങൾക്കും ഭീഷണിയാവുന്ന തരത്തിലുള്ള വൻകിട ക്വാറികൾക്കെല്ലാം അനുമതി കൊടുക്കുന്നത് ആദിവാസികൾ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങളിലാണ്. ഇവിടെ എന്തു ദുരന്തം നടന്നാലും ആരും ചോദിക്കാൻ വരില്ലെന്നുള്ള കാഴ്ചപ്പാട് മാറണം. മലയാറ്റുകരയിലെ ക്വാറിയുടെ പ്രവർത്തനം അടിയന്തിരമായി നിർത്തിവയ്ക്കണമെന്ന് പ്രമേയത്തിൽ ആവശ്യപ്പെട്ടു.
എണ്ണപ്പാറ- മലയാറ്റുകര, തുമ്പക്കുന്ന്, ഉരുട്ടിക്കുന്ന്, ചൂരപ്പടവ്, കുറ്റിയടുക്കം ഊരുകൾക്ക് നടുവിലാണ് ക്വാറി പ്രവർത്തിക്കുന്നത്. രാവിലെ ആറു മുതൽ ഇടവേളകളില്ലാതെ പ്രവർത്തിക്കുന്ന ക്വാറിയിൽനിന്നുള്ള ശബ്ദം കുട്ടികളുടെ പഠനത്തെ ബാധിക്കുന്നു.
ഹൃദ്രോഗികളും കാൻസർ രോഗികളും ശ്വാസകോശ രോഗികളും ഊരുകളിലുണ്ട്. വായു മലിനീകരണവും ശബ്ദമലിനീകരണവും ഇവരുടെ ജീവനുപോലും ഭീഷണിയാണ്.
മലയാറ്റുകര ഊരുമൂപ്പൻ രമേശൻ മലയാറ്റുകര അധ്യക്ഷത വഹിച്ചു.
വാർഡ് മെംബർ സജിത ശ്രീകുമാർ, മാലക്കല്ല് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ സലിം താഴേകോറോത്ത്, വിഷ്ണു പേരിയ, വിവിധ ഊരുകളിലെ മൂപ്പൻമാരായ സി. രാജു, നാരായണൻ കുറ്റിയടുക്കം, ടി. രാജേഷ്, വി. ചന്ദ്രൻ, പ്രമോട്ടർമാരായ രമ ഉദയപുരം, ശ്രീജ ക്ലീനിപ്പാറ എന്നിവർ പ്രസംഗിച്ചു.