ബംഗളൂരുവിലെ മല്ലേശ്വരത്ത് പാചകവാതക സിലിണ്ടർ വിതരണത്തിനിടെയുണ്ടായ തീപിടിത്തം ദുരന്തത്തിലേക്ക് വഴിമാറാതെ ഒഴിവായത് ഡെലിവറി ജീവനക്കാരന്റെ സമയോചിതമായ ഇടപെടൽ മൂലം. വീട്ടുപടിക്കൽ സ്ഥാപിച്ചിരുന്ന പൂജാദീപത്തിൽ നിന്ന് സിലിണ്ടറിലെ വാതക ചോർച്ചയിലേക്ക് തീ പടർന്നാണ് അപകടമുണ്ടായത്.
ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും പ്രദേശവാസികളിൽ നിമിഷനേരം കൊണ്ട് വലിയ പരിഭ്രാന്തി സൃഷ്ടിച്ച ഈ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.
അപകടത്തിന് തൊട്ടുമുമ്പ് വീട്ടുകാർ മുൻവശം കഴുകി വൃത്തിയാക്കി പൂജകൾ പൂർത്തിയാക്കി വാതിൽപടിയിൽ ദീപം തെളിയിച്ചിരുന്നു. ഈ സമയത്താണ് സിലിണ്ടറുമായി വിതരണക്കാരൻ എത്തുന്നത്.
സിലിണ്ടറിൽ നിന്നുണ്ടായിരുന്ന ചെറിയ തോതിലുള്ള വാതകച്ചോർച്ച ശ്രദ്ധയിൽപ്പെടാതെ, പടിയിലെ കത്തിനിൽക്കുന്ന വിളക്കിന് സമീപത്തേക്ക് സിലിണ്ടർ വെക്കാൻ ശ്രമിച്ചതാണ് പെട്ടെന്ന് തീ ആളിപ്പടരാൻ കാരണമായത്. തീ ആളിപ്പടർന്നത് കണ്ട് ഒട്ടും സമയം കളയാതെ മാറിനിന്നതിനാലാണ് ഡെലിവറി ജീവനക്കാരൻ രക്ഷപ്പെട്ടത്.
വിവരമറിഞ്ഞ് മല്ലേശ്വരം പൊലിസും അഗ്നിശമന സേനയും ഉടൻ സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. വാതകച്ചോർച്ചയുടെ കൃത്യമായ കാരണം വ്യക്തമാകുന്നതിനായി അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തീപ്പൊരികളോ ദീപങ്ങളോ ഉള്ളയിടങ്ങളിൽ എൽ.പിജി സിലിണ്ടറുകൾ കൈകാര്യം ചെയ്യുമ്പോൾ അതീവ ജാഗ്രത വേണമെന്ന് പൊലിസ് ജനങ്ങളെ ഓർമ്മിപ്പിച്ചു.
വിതരണ സമയത്ത് സമീപത്ത് മെഴുകുതിരിയോ നിലവിളക്കോ മറ്റു തീ സ്രോതസുകളോ ഇല്ലെന്ന് വീട്ടുകാരും ജീവനക്കാരും ഒരുപോലെ ഉറപ്പുവരുത്തണമെന്നും പൊലിസ് നിർദ്ദേശിച്ചു.