കണ്ണൂർ: മാലൂരിലെ ജനവാസമേഖലയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ പന്നിക്കെണിയിൽ കുടുങ്ങി, മയക്കുവെടി വെച്ച് പിടികൂടിയ പുലി ചത്തു. ഇന്ന് പുലർച്ചെ മൂന്നുമണിയോടെയാണ് എഴുന്നേറ്റ് നിൽക്കാൻ പോലും സാധിക്കാത്ത വിധം കെണിയിൽ പൂർണമായും കുടുങ്ങിയ നിലയിൽ പുലിയെ കണ്ടെത്തുന്നത്.
സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ ആദ്യ രണ്ട് ഡോസ് മയക്കുവെടി വെച്ചെങ്കിലും പുലി മയങ്ങാതിരുന്നതിനെ തുടർന്ന് മൂന്നാമതും വെടിവെക്കുകയായിരുന്നു.
തുടർന്ന് വയനാട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെ ആറളത്ത് ചികിത്സയ്ക്കായി എത്തിച്ചപ്പോഴാണ് പുലി ചത്തതായി അറിയുന്നത്. കെണിയിൽ പെട്ടതുമൂലം ആന്തരിക അവയവങ്ങൾക്കുണ്ടായ ഗുരുതരമായ പരുക്കുകളാണ് പുലിയുടെ മരണത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം.