കൊച്ചി: എയ്ഡഡ് കോളജുകളിലെ അധ്യാപകനിയമനം പിഎസ്സിക്കു വിടുന്നതിനെക്കുറിച്ച് പഠിക്കുന്നതിന് സിന്‍ഡിക്കറ്റ് ഉപസമിതിയെ നിയോഗിക്കാന്‍ തീരുമാനിച്ച കേരള സര്‍വകലാശാലയുടെ തീരുമാനം നിയമവിരുദ്ധമാണെന്നും അടിയന്തരമായി പിന്‍വലിക്കണമെന്നും കേരള പ്രൈവറ്റ് കോളജ് മാനേജ്മെന്റ്സ് അസോസിയേഷന്.
ഇക്കാര്യം വ്യക്തമാക്കി സംസ്ഥാന പ്രസിഡന്റ് ഡോ. എം.ഇ. കുര്യാക്കോസ്, ജനറല്‍ സെക്രട്ടറി ഡോ. എം. ഉസ്മാന് എന്നിവര്‍ കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കു നിവേദനം നൽകി.
മാനേജ്മെന്റുകളുടെ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന വിവിധ സുപ്രീംകോടതി വിധികളുണ്ടെന്നും അസോസിയേഷന് ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. കേരള സര്‍വകലാശാലയുടെ ഈ നിയമവിരുദ്ധ നീക്കം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അവര്‍ അറിയിച്ചു.
മാനേജ്മെന്റ്സ് അസോസിയേഷന്റെ വാദം
- സംസ്ഥാനത്തെ എയ്ഡഡ് കോളജുകള്‍ പ്രവര്‍ത്തിച്ചുവരുന്നത് സര്‍ക്കാരും മാനേജ്മെന്റുകളും തമ്മിലുള്ള ഡയറക്ട് പേമെന്റ് എഗ്രിമെന്റ്, സര്‍വകലാശാലാ നിയമങ്ങള്‍, യുജിസി റെഗുലേഷന്‍സ്, വിവിധ സര്‍ക്കാര്‍ ഉത്തരവുകള്‍ തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ.
- സംസ്ഥാനത്തൊട്ടാകെ നിലവിലുള്ള ഒരു നിയമനസംവിധാനത്തെ മാറ്റുന്നതിനു ശിപാര്‍ശ ചെയ്യാന്‍ സംസ്ഥാനത്തെ ഏതെങ്കിലും സര്‍വകലാശാലയ്ക്ക് അധികാരമില്ല.
- കോളജുകള്‍ നടത്തുന്നതിനും ആവശ്യമായ സ്റ്റാഫിനെ നിയമിക്കുന്നതിനുമുള്ള ന്യൂനപക്ഷ, പിന്നാക്ക, ദളിത് വിഭാഗങ്ങളില്പ്പെട്ടവരടക്കമുള്ള കോളജ് മാനേജ്മെന്റുകളുടെ അവകാശാധികാരങ്ങളിലുള്ള കടന്നുകയറ്റം.