പാലാ: നഗരസഭയില്‍ വിവാദങ്ങളും തമ്മിലടിയും ചര്‍ച്ചകളും തുടരുമ്പോള്‍ സാധാരണ ജനങ്ങളെ ബാധിക്കുന്ന പ്രധാന വിഷയങ്ങള്‍ അവഗണിക്കപ്പെടുന്നതായി ആക്ഷേപം. ദിവസംതോറും ആയിരക്കണക്കിന് രോഗികള്‍ ആശ്രയിക്കുന്ന പാലാ കെ.എം. മാണി മൊമ്മോറിയല്‍ ജനറല്‍ ആശുപത്രിയില്‍ കാര്യങ്ങള്‍ ബുദ്ധിമുട്ടിലാണ്. പല വകുപ്പുകളിലും ആവശ്യത്തിന് ഡോക്ടര്‍മാരില്ല. കഴിഞ്ഞ ആറു മാസമായി ആശുപത്രി മാനേജിംഗ് കമ്മിറ്റി കൂടാന്‍ സാധിച്ചിട്ടില്ല.
മുന്‍പ് രണ്ടു മാസം കൂടുമ്പോള്‍ ആശുപത്രി വികസനസമിതി കൂടുകയും വികസന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും വരവുചെലവ് കണക്കുകള്‍ അവതരിപ്പിക്കുയും ചെയ്തിരുന്നു. കാര്‍ഡിയോളജി വിഭാഗത്തില്‍ ഡോക്ടര്‍മാരുടെ നിയമനം കഴിഞ്ഞ നാലു വര്‍ഷമായി നടത്തിയിട്ടില്ല. പോസ്റ്റ്മോര്‍ട്ടത്തിന് ഫോറന്‍സിക് സര്ജന് സ്ഥലം മാറിയിട്ട് പുതിയ നിയമനം നടത്തിയിട്ടില്ല. സര്‍ജറിക്ക് ഡോക്ടര്‍മാര്‍ ആവശ്യത്തിനില്ല. സൈക്യാട്രി വിഭാഗത്തിലും ഡോക്ടറില്ല. ശരിയായ വാഹന പാര്‍ക്കിംഗ് സൗകര്യം ഇല്ലാത്തതിനാല്‍ വാഹനം പാര്‍ക്ക് ചെയ്യുന്നതിന് സ്ഥലത്ത് എത്തുന്നവരും സെക്യൂരിറ്റി ജീവനക്കാരും തമ്മില്‍ നിരന്തരം സംഘര്‍ഷത്തിലുമാണ്.
പുതിയ ആശുപത്രി ബ്ലോക്കുകളില്‍ നിരവധി സ്ഥലങ്ങളില്‍ ഗ്ലാസ് പൊട്ടിയിട്ടുണ്ട്. മഴയത്ത് ചോര്‍ച്ചയുമുണ്ട്. മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഫാര്‍മസിയിലും മരുന്നുകള്‍ വാങ്ങുന്നതിന് രോഗികള്‍ മണിക്കൂറുകള്‍ കാത്തു നില്‍ക്കണം.
മെയില്‍ റോഡിനു ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഡയഗ്നോസ്റ്റിക് സെന്റര്‍ ബഹുനില കെട്ടിടത്തിന്റെയും മോര്‍ച്ചറിയുടെയും അടിഭാഗം ഇടിഞ്ഞിട്ട് സംരക്ഷണഭിത്തി നിര്‍മിക്കാന്‍ ഒന്നര കോടി രൂപ കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ അനുവദിച്ചത് ഉദ്യോഗന്ഥരുടെ അനാസ്ഥ കാരണം മുടങ്ങിയിരിക്കുകയാണ്. ആശുപത്രി റോഡിന്റെ നിര്‍മാണവും സമയത്ത് പൂര്‍ത്തീകരിച്ച് ഗതാഗതയോഗ്യമാക്കുന്നതിനുള്ള പണികളും മന്ദഗതിയിലാണ്.