ഹിമാചൽ പ്രദേശിലെ അട്ടൽ ടണലിന് സമീപം വിനോദസഞ്ചാരികൾ സഞ്ചരിച്ച എസ്യുവി അപകടത്തിൽപ്പെട്ട് രാജസ്ഥാൻ സ്വദേശി മരിച്ചു, മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു.
ബുധനാഴ്ച രാത്രി പത്ത് മണിയോടെ മണാലിയിൽ നിന്ന് ലാഹോളിലേക്ക് പോവുകയായിരുന്ന സ്കോർപിയോ കാർ, ടണലിന്റെ വടക്കേ കവാടത്തിന് പുറത്തിറങ്ങിയ ഉടൻ നിയന്ത്രണം വിട്ട് നിർമ്മാണത്തിലിരിക്കുന്ന പാലത്തിന്റെ തൂണിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
അമിതവേഗത മൂലം വളവ് തിരിക്കാൻ കഴിയാതെ ചന്ദ്ര നദിക്ക് സമീപത്തെ നിർമ്മാണ സൈറ്റിലേക്ക് പതിച്ച വാഹനത്തിലേക്ക് കൂറ്റൻ ഇരുമ്പ് കമ്പികൾ തുളച്ചുകയറിയാണ് ദുരന്തമുണ്ടായത്.
രാജസ്ഥാനിലെ സിക്കാർ സ്വദേശിയായ കൈലാഷ് ആണ് അപകടത്തിൽ മരണപ്പെട്ടത്. വാഹനമോടിച്ചിരുന്ന സിദ്ധാർഥ്, യാത്രക്കാരായ രാജേന്ദ്ര, ആദിത്യ എന്നിവർക്കാണ് പരിക്കേറ്റത്. വിവരമറിഞ്ഞെത്തിയ പോലീസ് പരിക്കേറ്റവരെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി.