ഉദയനാപുരം: ഉദയനാപുരം പഞ്ചായത്തിലെ മാനാപ്പള്ളി പാടശേഖരത്തിലെ ആമ്പൽ വസന്തം കാണാനെത്തുന്ന സഞ്ചാരികളുടെ എണ്ണമേറുന്നു. വിവിധ സ്ഥലങ്ങളിൽനിന്നെത്തുന്ന ആഭ്യന്തര വിനോദസഞ്ചാരികൾക്ക് പുറമേ വിദേശ വിനോദ സഞ്ചാരികളും ആമ്പൽപാടത്തിന്റെ മനോഹാരിത നുകരാൻ എത്തുന്നുണ്ട്.
കരിയാറും മൂവാറ്റുപുഴയാറിന്റെ കൈവഴിയും അതിരിടുന്ന പ്രകൃതിഭംഗിയാൽ അനുഗൃഹീതമായ മാനാപ്പള്ളി പ്രദേശം മുമ്പേ സഞ്ചാരികളുടെ മനസിൽ ഇടംപിടിച്ചിരുന്നു.
ഗ്രാമീണ ജീവിതം അടുത്തറിയാനും വയൽകാറ്റേറ്റ് നടക്കാനും ഫോട്ടോയെടുക്കാനുമൊക്കെ നിരവധിപ്പേർ ഇവിടേക്ക് വരുന്നതിനിടയിലാണ് ആമ്പലുകൾ കൂട്ടത്തോടെ മൊട്ടിട്ട് വിരിഞ്ഞ് നയനാനന്ദകരമായ ദൃശ്യ വിരുന്നൊരുക്കിയത്.
സഞ്ചാരികളെ വള്ളത്തിൽ സുരക്ഷിതമായി കൊണ്ടുപോകാനും നാടൻ പാട്ട് പാടി അവരെ സന്തോഷിപ്പിക്കാനും പ്രദേശവാസികളും രംഗത്തുണ്ട്. സഞ്ചാരികളുടെ എണ്ണമേറിയതോടെ അവർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള പരിശ്രമത്തിലാണ് പഞ്ചായത്ത് അധികൃതർ. ആവശ്യത്തിന് വള്ളങ്ങൾ ഏർപ്പാടാക്കിയിട്ടുണ്ട്. രാവിലെ 10 വരെയാണ് ആമ്പൽ വിരിഞ്ഞു നിൽക്കുന്നത്.
അതിനുശേഷം പൂവുകൾ കൂമ്പിപ്പോകും. വിനോദ സഞ്ചാരികളെ സ്വീകരിക്കാൻ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജു, വൈസ് പ്രസിഡന്റ് ബിന്ദു അനിൽകുമാർ, സെക്രട്ടറി വിനോദ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥന്മാരും സ്ഥലത്തുണ്ടാകും.