തിരുവനന്തപുരം: മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരായി തിരുവനന്തപുരം മാനവീയം വീഥിയിൽ നടത്തിയ പ്രതിഷേധ പരിപാടിയിൽ വൻവിവാദം. പരിപാടിക്ക് മുൻപ് പൊലിസെത്തി മൈക്ക് സെറ്റ് ബലമായി പിടിച്ചെടുക്കാൻ ശ്രമിച്ചെന്നാണ് പ്രതിഷേധക്കാരുടെ പരാതി.
നടൻ പ്രകാശ് രാജ് പങ്കെടുത്ത പരിപാടിക്ക് കോർപറേഷന്റെ അനുമതിയില്ലെന്ന് പറഞ്ഞായിരുന്നു പൊലിസിന്റെ നടപടി. പ്രതിഷേധക്കാർ പൊലിസിനെ തടഞ്ഞത്തോടെ വാക്കേറ്റമായി. പ്രതിഷേധത്തെ തുടർന്ന് പൊലിസ് മൈക്ക് പിടിച്ചെടുക്കാനുള്ള ശ്രമം ഉപേക്ഷിക്കുകയായിരുന്നു.
പരിപാടി നടത്താൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് കോർപറേഷൻ പൊലിസിന് കത്ത് നൽകിയിരുന്നു. അതേസമയം സംഘാടകർ കോർപറേഷന്റെ അനുമതി വാങ്ങിയിരുന്നില്ലെന്നാണ് മേയർ വി.വി. രാജേഷ് വിഷയത്തിൽ പ്രതികരിച്ചത്.