ഇന്റർനെറ്റിൽ തരംഗം സൃഷ്ടിച്ച എഐ വ്യാജ മീമിന് സ്വന്തം ശൈലിയിൽ തമാശരൂപേണ മറുപടി നൽകി മാഞ്ചസ്റ്റർ സിറ്റിയുടെ നോർവീജിയൻ ഫുട്ബോൾ താരം എർലിങ് ഹാളണ്ട്.
പ്രശസ്ത യൂട്യൂബർ മിസ്റ്റർ ബീസ്റ്റ് എന്ന ജിമ്മി ഡൊണാൾഡ്സണിനൊപ്പം ചേർന്നാണ് ഹാളണ്ട് ഈ വൈറൽ വീഡിയോ പുനഃസൃഷ്ടിച്ചിരിക്കുന്നത്. ഭക്ഷണം കഴിക്കുന്നതിനിടെ ഹാളണ്ട് പെട്ടെന്ന് ഞെട്ടിമാറുന്ന രീതിയിലാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.
ഒപ്പം തന്റെ ജീവിതത്തിലെ ഏറ്റവും ഭയപ്പെടുത്തുന്ന ഭക്ഷണാനുഭവം എന്ന രസകരമായ അടിക്കുറിപ്പോടെയാണ് മിസ്റ്റർ ബീസ്റ്റ് ഈ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുള്ളത്.
നേരത്തെ ഇതേ രീതിയിലുള്ള ഒരു വീഡിയോ ഹാളണ്ടിന്റേതെന്ന പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. റെസ്റ്റോറന്റിലിരുന്ന് ഭക്ഷണം കഴിക്കുന്നതിനിടെ കണ്ണാടിയിലെ സ്വന്തം പ്രതിബിംബം കണ്ട് ഭയപ്പെടുന്ന തരത്തിലായിരുന്നു ആ ദൃശ്യങ്ങൾ.
എന്നാൽ ചൈനീസ് കോമഡി താരങ്ങളുടെ ശരീരത്തിൽ ഹാളണ്ടിന്റെ മുഖം എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് ഡിജിറ്റലായി കൂട്ടിച്ചേർത്തതാണെന്ന് പിന്നീട് വ്യക്തമായി.
തന്റെ പേരിൽ പ്രചരിച്ച വ്യാജ വീഡിയോയെ തള്ളിക്കളയാതെ, അതേ രംഗം നേരിട്ട് അഭിനയിച്ചു കാണിച്ച് ആരാധകരെ കയ്യിലെടുക്കുകയായിരുന്നു ഹാളണ്ട്.
മൈതാനത്തെ മികച്ച പ്രകടനങ്ങൾക്ക് പുറമെ, സോഷ്യൽ മീഡിയയിലെ തമാശകളെയും ക്രിയാത്മകമായി എങ്ങനെ ഉപയോഗിക്കാമെന്ന് തെളിയിച്ച താരത്തെ കോമഡിയൻ എന്ന് വിശേഷിപ്പിച്ചാണ് ആരാധകർ പ്രശംസിക്കുന്നത്.