കുമളി: തേക്കടിയിൽ വനം വകുപ്പ് വർഷങ്ങളായി സംരക്ഷിച്ചു വരുന്ന "മംഗള' എന്നു പേരിട്ടിരിക്കുന്ന ആറു വയസുള്ള പെണ്കടുവയെ തൃശൂർ പൂവത്തൂർ സുവോളജി പാർക്കിലേക്കു മാറ്റാൻ നീക്കം. കടുവയെ സുവോളജി പാർക്കിലേക്കു മാറ്റാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിറക്കി.
2020 നവംബർ മുതൽ തേക്കടിയിൽ പ്രത്യേക പരിചരണത്തിൽ വളർത്തുന്ന കടുവയെ തുറസായ കാട്ടിലേക്കു തുറന്നുവിടുന്നത് മനുഷ്യർക്കു ഭീഷണിയാകുമെന്നാണ് കടുവയെ മാറ്റാനുള്ള ഉത്തരവിലുള്ളത്.
കടുവയെ തള്ളക്കടുവ ഉപേക്ഷിച്ച നിലയിൽ രണ്ടാഴ്ച പ്രായമുള്ളപ്പോൾ പെരിയാർ ടൈഗർ റിസർവിലെ മംഗളാദേവി മലയിൽനിന്ന് 2020 നവംബർ 11നാണ് വനപാലകർക്കു ലഭിച്ചത്.
മംഗളാദേവി മലയിൽനിന്ന് ലഭിച്ചതിനാൽ മംഗള എന്ന പേരും ഇവൾക്കു നൽകി. പിൻകാലുകൾക്കു ബലക്ഷയവും കാഴ്ചക്കുറവും ഉണ്ടായിരുന്ന കടുവക്കുട്ടിയെ സംരക്ഷിക്കാൻ ദേശീയ കടുവ സംരക്ഷണ അഥോറിറ്റി നിയമ പ്രകാരം ഡോക്ടർമാരെയും മറ്റു ജീവനക്കാരേയും നിയമിച്ചു പരിപാലിക്കുകയായിരുന്നു.
കുപ്പിപ്പാൽ നൽകിയായിരുന്നു കടുവക്കുട്ടിയെ വളർത്തിയത്. രണ്ടു മാസം പ്രായമായപ്പോൾ മംഗളാദേവി മലയ്ക്ക് അടിവാരത്തുള്ള കരടിക്കവല വനഭാഗത്ത് പ്രത്യേകം വേലികെട്ടി തിരിച്ച കോട്ടയ്ക്കുള്ളിലേക്കു മാറ്റി പരിചാരകരെയും നിയമിച്ചു വളർത്തുകയായിരുന്നു. 2.78 ഹെക്ടർ പ്രദേശമാണ് ഇതിനായി മാറ്റിയിട്ടത്.
രണ്ടു ജീവനക്കാർ, സിസിടിവി കാമറകൾ എന്നിവ സ്ഥാപിച്ചു. കണ്ണിന്റെ കാഴ്ച വീണ്ടെടുക്കുന്നതിന് അമേരിക്കയിൽനിന്ന് മരുന്നു വരുത്തി ചികിത്സിച്ചു. നീണ്ട കാലത്തെ ചികിത്സ ഫലം കണ്ടെന്ന് അന്നുപറഞ്ഞ വനം വകുപ്പാണ് ഇപ്പോൾ കടുവയെ തൃശൂർക്ക് മാറ്റാൻ കാഴ്ചശക്തി പോരെന്ന ന്യായം നിരത്തുന്നത്.
കടുവയുടെ കണ്ണുകൾ ഓപ്പറേഷൻ ചെയ്യാൻ സാധ്യമല്ലെന്നും ഉത്തരവിലുണ്ട്. വന്യമൃഗം, ഭാഗിക വന്യമൃഗം എന്നിവയെ മയക്കുന്നതും ഓപ്പറേഷന് വിധേയമാക്കുന്നതും റീ-വൈൽഡിംഗ് ചെയ്യുന്നതും ശ്രമകരമാണെന്നും ഉത്തരവിലുണ്ട്.
തേക്കടിയിലെ സുഖശീതളമായ കാലാവസ്ഥയിൽ കഴിഞ്ഞിരുന്ന കടുവയെ തൃശൂരിലെ ചൂട് കാലാവസ്ഥയിലേക്ക് മാറ്റുന്നത് ഉചിതമല്ലെന്നും നീക്കം കടുവയുടെ ജീവന് ആപത്താകുമെന്നും വനം വകുപ്പിൽതന്നെ ഒരു വിഭാഗം ആശങ്കപ്പെടുന്നുണ്ട്.