ബേക്കല്‍: സാമൂഹ്യാന്തരീക്ഷം വളരെ കലുഷിതമായിരുന്ന കാലത്ത് തന്റെ പ്രണയത്തിന്റെ ഭാവി എന്താകുമെന്ന ആശങ്കയില്‍ കാമുകിയെ ഓര്‍ത്ത് ഉള്ളുലഞ്ഞ് പാടുന്ന ശേഖര്‍.
ജാതി-മത വേലിക്കെട്ടുകളെ തകര്‍ത്തെറിഞ്ഞ് അവന്റെയടുക്കലേക്ക് പ്രണയപൂര്‍വം പാഞ്ഞെത്തുന്ന ഷൈലാബാനു. അതിനു സാക്ഷിയായി കോരിച്ചൊരിയുന്ന മഴയും വീശിയടിക്കുന്ന കാറ്റും ആര്‍ത്തിരമ്പുന്ന കടലും പച്ചപുതച്ച ബേക്കല്‍കോട്ടയും. ‘ഉയിരേ ഉയിരേ വന്ത് എന്നോട് കലന്തുവിട്...’ വൈരമുത്തുവിന്റെ കവിത തുളുമ്പുന്ന വരികളും റഹ്മാന്റെ മാന്ത്രികസംഗീതവും ഹരിഹരന്റെയും കെ.എസ്. ചിത്രയുടെയും ആലാപനമാധുര്യവും അരവിന്ദ് സ്വാമിയുടെയും മനീഷ കൊയ്രാളയുടെയും ഓണ്‍ സ്ക്രീന്‍ കെമിസ്ട്രിയും മാത്രമല്ല ആ ഗാനത്തെ അനശ്വരമാക്കിയത്.
ബേക്കല്‍ കോട്ടയുടെ അഭൗമസൗന്ദര്യംകൂടിയാണ് ആ ഗാനത്തിന് അത്രയും തീവ്രതയേകിയത്. അതിനുമുമ്പും അതിനുശേഷവും ബേക്കല്‍ കോട്ടയെ അത്രയും ഭംഗിയോടെ ആരുംതന്നെ കാമറയില്‍ പകര്‍ത്തിയിട്ടില്ല.
1995ല്‍ ഇറങ്ങിയ ‘ബോംബെ’എന്ന തമിഴ് സിനിമ രാജ്യത്തൊട്ടാകെ ചര്‍ച്ച ചെയ്യപ്പെടുകയും വലിയ വിജയമാകുകയും ചെയ്തു. സിനിമയിറങ്ങി 30 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ സിനിമ ടൂറിസം പദ്ധതിയുടെ ഭാഗമായി സംസ്ഥാനസര്‍ക്കാരിന്റെ ക്ഷണപ്രകാരം സംവിധായകന് മണിരത്നവും ചിത്രത്തിലെ നായിക മനീഷ കൊയ്രാളയും ഛായാഗ്രാഹകന്‍ രാജീവ് മേനോനും ബേക്കല്‍ കോട്ട സന്ദര്‍ശിക്കാനെത്തി.
ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്, സി.എച്ച്. കുഞ്ഞമ്പു എംഎല്‍എ എന്നിവരും ഒപ്പമുണ്ടായിരുന്നു. ശേഖറും ഷൈലാബാനുവും പ്രണയം പങ്കുവച്ച അതേ കോട്ടയില്‍നിന്നാണ് അവര്‍ ബോംബെയുടെ ഓര്‍മകള്‍ പങ്കുവച്ചത്.