റിയാദ്: മൂന്ന് പതിറ്റാണ്ട് കാലത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മൻസൂർ അലിക്ക് കേളി ബത്ത, ഷിമേസി ഏരിയ കമ്മിറ്റികളുടെയും മർഗബ് രക്ഷാധികാരി സമിതിയുടെയും നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ പൂന്താനം സ്വദേശിയായ മൻസൂർ അലി കഴിഞ്ഞ 28 വർഷമായി അൽരാജി ഗ്രൂപ്പിന് കീഴിലുള്ള ഫുർസാൻ ട്രാവൽസിൽ ജോലി ചെയ്തുവരികയായിരുന്നു.
ബത്ത ലൂഹ ഓഡിറ്റോറിയത്തിൽ നടന്ന യാത്രയയപ്പ് പരിപാടിയിൽ ഏരിയാ കമ്മിറ്റി അംഗം അജിത്ത് ഖാൻ ആമുഖ പ്രസംഗം നടത്തി. ബത്ത ഏരിയാ ആക്ടിംഗ് പ്രസിഡന്റ് ഹുസൈൻ അധ്യക്ഷത വഹിച്ചു.
കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ്, സമിതി അംഗങ്ങളായ പ്രഭാകരൻ, കണ്ടോന്താർ, സുരേന്ദ്രൻ കൂട്ടായി, കേളി പ്രസിഡന്റ് ഗഫൂർ ആനമങ്ങാട്, ആക്ടിംഗ് സെക്രട്ടറി ഷാജി റസാഖ്, ട്രഷറർ മധു ബാലുശേരി, വൈസ് പ്രസിഡന്റുമാരായ രാമകൃഷ്ണൻ ധനുവച്ചപുരം, റഫീഖ് ചാലിയം, ജോയിന്റ് സെക്രട്ടറി രജീഷ് പിണറായി, മർഗബ് രക്ഷാധികാരി സെക്രട്ടറി അനിൽ അറയ്ക്കൽ, ബത്ത രക്ഷാധികാരി സെക്രട്ടറി മോഹൻദാസ്, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ സിജിൻ കൂവള്ളൂർ, ബിജു തായമ്പത്ത്, ഷഫീഖ് അങ്ങാടിപ്പുറം, യൂണിറ്റ് സെക്രട്ടറി മുജീബ് റഹ്മാൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ ശ്രീനാഥ്, പ്രമോദ്, അനീഷ് ജേക്കബ്, ഷൈൻദേവ്, മോഹൻകുമാർ, ജ്യോതിഷ് എന്നിവർ ആശംസകൾ അർപ്പിച്ചു.
ബത്ത, ഷിമേസി ഏരിയ കമ്മിറ്റികളുടെയും മർഗബ് രക്ഷാധികാരി സമിതിയുടെയും ഉപഹാരങ്ങൾ കമ്മിറ്റി അംഗങ്ങൾ ചേർന്ന് മൻസൂർ അലിക്ക് കൈമാറി. ഷിമേസി ഏരിയാ സെക്രട്ടറി സലീം മടവൂർ സ്വാഗതവും മൻസൂർ അലി നന്ദിയും പറഞ്ഞു.