ബെർലിൻ: പടിഞ്ഞാറൻ ജർമനിയിലെ ലൈപ്സിഗ് നഗര മധ്യത്തിൽ ജനക്കൂട്ടത്തിലേക്ക് കാറിടിച്ചുകയറി രണ്ടു പേർ മരിക്കുകയും 22 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 77 വയസുള്ള പുരുഷനും 63 വയസുള്ള സ്ത്രീയുമാണ് മരിച്ചത്.
തിങ്കളാഴ്ച വൈകുന്നേരം 4.45ഓടെയാണ് സംഭവം. കെ. ജെഫ്രി (33) എന്നയാൾ ഓടിച്ച കാർ കാൽനടയാത്രക്കാർ മാത്രം സഞ്ചരിക്കുന്ന തിരക്കേറിയ തെരുവിലേക്ക് 80 കിലോമീറ്റർ വേഗതയിൽ ഇടിച്ച് കയറുകയായിരുന്നു.
ലൈപ്സിഗ് സ്വദേശിയായ കെ. ജെഫ്രി എന്നയാളെ പോലീസ് സ്ഥലത്തുതന്നെ അറസ്റ്റ് ചെയ്തു. ഇയാൾ ഒരു ഹൗസ് ടെക്നീഷ്യനും വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്.
സംഭവത്തിന് തലേദിവസം ഇയാൾ ഒരു മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലായിരുന്നതായും എന്നാൽ അവിടെയുള്ള മറ്റ് രോഗികളോട് മോശമായി പെരുമാറിയതിനെത്തുടർന്ന് ഇയാളെ അവിടെനിന്നും നിർബന്ധപൂർവം പുറത്താക്കുകയുമായിരുന്നു എന്ന് റിപ്പോർട്ടുണ്ട്.
പ്രതിക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതിനാൽ ജയിലിൽ അടയ്ക്കാൻ സാധിക്കില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. അതിനാൽ ഇയാളെ ഇപ്പോൾ സക്സൺ സ്റ്റേറ്റ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
രണ്ട് കൊലപാതകങ്ങൾക്കും വധശ്രമത്തിനുമാണ് പോലീസ് നിലവിൽ കേസെടുത്തിരിക്കുന്നത്. സംഭവസ്ഥലത്ത് ഇന്നും പോലീസ് തെളിവെടുപ്പ് തുടരുകയാണ്. സംഭവത്തിന്റെ ദൃക്സാക്ഷികളുടെ സഹായം പോലീസ് തേടിയിട്ടുണ്ട്.