ജഗദൽപുർ: ഛത്തീസ്ഗഡിലെ ഝിരാം വാലിയിൽ ഉന്നത കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ 29 പേർ കൊല്ലപ്പെട്ട മാവോയിസ്റ്റ് ആക്രമണത്തിൽ പത്തു പ്രതികളും കുറ്റക്കാരെന്ന് എൻഐഎ പ്രത്യേക കോടതി. പ്രതികൾക്കുള്ള ശിക്ഷ 16നു പ്രഖ്യാപിക്കും.
കോൺഗ്രസ് പാർട്ടിയുടെ പരിവർത്തൻ റാലിക്കു നേർക്ക് 2013 മേയ് 25നാണ് ആക്രമണമുണ്ടായത്.ജഗദൽപുരിലെ എൻഐഎ കോടതി ജഡ്ജി അഭയ് രജ്പുത് ആണ് വിധി പ്രഖ്യാപിച്ചത്. പ്രതികളിൽ രണ്ടു സ്ത്രീകളും ഉൾപ്പെടുന്നു.
ഛത്തീസ്ഗഡിലെ കോൺഗ്രസ് നേതൃത്വത്തെ ഒന്നാകെ ഇല്ലാതാക്കിയ ആക്രമണമാണ് ഝിരാം വാലിയിൽ നടന്നത്. മുൻ കേന്ദ്രമന്ത്രി വി.സി. ശുക്ല, അന്നത്തെ പിസിസി അധ്യക്ഷൻ നന്ദ്കുമാർ പട്ടേൽ, മകൻ ദിനേഷ്, മുൻ പ്രതിപക്ഷ നേതാവ് മഹേന്ദ്ര കർമ, മുൻ എംഎൽഎ ഉദയ് മുദ്ലിയാർ തുടങ്ങിയവർ അന്നു കൊല്ലപ്പെട്ടു.
സാധാരണ കോൺഗ്രസ് പ്രവർത്തകരും സുരക്ഷാ സൈനികരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.