തൃശൂർ: പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ ആഗോള പരമാധ്യക്ഷൻ മാർ ആവ തൃതീയൻ പാത്രിയാർക്കീസ് തൃശൂരിൽ. അഞ്ചു ദിവസത്തെ ശ്ലൈഹികസന്ദർശനത്തിനായി ഇന്ത്യയിലെത്തിയ സഭാധ്യക്ഷനു സഭാംഗങ്ങളും വൈദികസമൂഹവും ആവേശോജ്വല സ്വീകരണം നൽകി.
ഇന്നലെ രാവിലെ 10.30നു മാർത്ത് മറിയം വലിയപള്ളി കത്തീഡ്രലിലെത്തിയ പാത്രിയാർക്കീസിനെ പുഷ്പവൃഷ്ടിയോടെ വിശ്വാസികൾ എതിരേറ്റു. മാതൃസഭയും ഇന്ത്യയിലെ കൽദായസഭയും തമ്മിലുള്ള ആത്മീയബന്ധം ഈ സന്ദർശനത്തിലൂടെ കൂടുതൽ ദൃഢമാകുമെന്ന് മാർ ആവ തൃതീയൻ പറഞ്ഞു. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങൾക്കിടയിലും ഇടതടവില്ലാത്ത പ്രാർഥനയാണ് തന്നെ സുരക്ഷിതമായി ഇന്ത്യയിലെത്തിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അന്തരിച്ച മാർ അപ്രേം മെത്രാപ്പോലീത്തയുടെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ചുള്ള പ്രത്യേക ശുശ്രൂഷകൾക്ക് പാത്രിയാർക്കീസ് നേതൃത്വം നൽകും. മാർ അപ്രേമിന്റെ സംസ്കാരചടങ്ങുകളിൽ പങ്കെടുക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ മാർ അപ്രേമിന്റെ അനുസ്മരണശുശ്രൂഷകൾക്കു നേതൃത്വം നൽകുക പാത്രിയാർക്കീസിന്റെ സന്ദർശനപരിപാടികളിൽ പ്രധാനമാണ്.
നാളെ ഇന്ത്യയിലെ ദിവംഗതരായ സഭാപിതാക്കന്മാരുടെ സംയുക്ത അനുസ്മരണദിനമായി കൽദായസഭ ആചരിക്കും. വിശുദ്ധ മാർ അബിമലേക് തിമൊഥെയൂസ് മെത്രാപ്പോലീത്തയുടെ കബറിങ്കൽ ധൂപപ്രാർഥനയും മുൻപിതാക്കന്മാരുടെ ഓർമയ്ക്കായി പ്രത്യേക അന്നീദ ശുശ്രൂഷയും നടക്കും.
സിനഡ് സെക്രട്ടറിയും വിക്ടോറിയ ന്യൂസിലൻഡ് ബിഷപ്പുമായ മാർ ബെന്യാമിൻ എല്യ, ഈസ്റ്റേൺ യുഎസ്എ ബിഷപ് മാർ പൗലോസ് ബെഞ്ചമിൻ എന്നിവരും പാത്രിയാർക്കീസിനെ അനുഗമിക്കുന്നുണ്ട്.
വലിയപള്ളിയിൽ നടന്ന സ്വീകരണ ചടങ്ങിൽ മാർ ഔഗിൻ കുര്യാക്കോസ് മെത്രാപ്പോലീത്ത മാർ ആവ തൃതീയനെ സ്വാഗതം ചെയ്തു. സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർമാൻ അബി ജെ. പൊന്മണിശേരി, വികാരി ജനറാൾ ഫാ. ജോസ് ജേക്കബ്, വൈദികർ, സഭാവിശ്വാസികൾ തുടങ്ങിയവർ സംബന്ധിച്ചു. രണ്ടാംതവണയാണ് മാർ ആവ തൃശൂരിലെത്തുന്നത്. 2023ലായിരുന്നു ആദ്യസന്ദർശനം.