മാര്‍ ജോസഫ് പെരുന്തോട്ടം ആര്‍ച്ച്ബിഷപ്പായിരുന്ന കാലത്താണ് പാറേല്‍ മരിയന്‍ തീര്‍ഥാടനകേന്ദ്രം പുനര്‍നിര്‍മാണം സംബന്ധിച്ച ആലോചനകള്‍ക്ക് തുടക്കംകുറിച്ചതും തീരുമാനമെടുത്തതും. തുടർന്ന് ശിലാസ്ഥാപനം നടത്തിയതും നിര്‍മാണത്തിന്റെ ഭൂരിഭാഗം പൂര്‍ത്തീകരിച്ചതും മാര്‍ പെരുന്തോട്ടത്തിന്റെ നേതൃത്വത്തിലായിരുന്നു. 21ന് കൂദാശ ചെയ്ത് ബസിലിക്കയായി ഉയര്ത്തപ്പെടുമ്പോള് പള്ളി നിര്‍മാണത്തെക്കുറിച്ച് മാര്‍ ജോസഫ് പെരുന്തോട്ടം ദീപികയോടു സംസാരിക്കുന്നു.
? പാറേല്‍ പള്ളിയുടെ അടിസ്ഥാനശില ഫ്രാന്‍സിസ് മാര്‍പാപ്പ വെഞ്ചരിച്ചപ്പോഴുണ്ടായ അനുഭവം
ചങ്ങനാശേരി അതിരൂപതയുടെ പൊതു മരിയന്‍ തീര്‍ഥാടനകേന്ദ്രമായ പാറേല്‍ പള്ളി പുതുക്കിപ്പണിയുമ്പോള്‍ അതിന്റെ മൂലക്കല്ല് ഫ്രാന്‍സിസ് മാര്‍പാപ്പയെക്കൊണ്ട് ആശിര്വദിപ്പിക്കാന് സാധിച്ചിരുന്നെങ്കില്‍ എന്നാഗ്രഹിച്ചു. ആഗ്രഹം മനസില്‍ സൂക്ഷിച്ച് അതിനുള്ള സാധ്യതകളെക്കുറിച്ച് ആലോചിച്ചു. 2014 നവംബര്‍ 23ന് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെയും എവുപ്രാസിയാമ്മയുടെയും വിശുദ്ധപദ പ്രഖ്യാപനകര്മത്തില് പങ്കെടുക്കാന്‍ റോമിലെത്തിയപ്പോള്‍ പാപ്പായെക്കൊണ്ട് വെഞ്ചരിപ്പിക്കുന്നതിന് ഒരു കല്ല് തയാറാക്കി കൈയില്‍ കരുതാന്‍ തീരുമാനിച്ചു. തിരുക്കര്‍മങ്ങള്‍ക്കായി വത്തിക്കാന്‍ ബസിലിക്കയിലെത്തിയപ്പോള് തിരുവസ്ത്രങ്ങള്ക്കൊപ്പം ഒരു സഞ്ചിയില്‍ കല്ലും കരുതിയിരുന്നു.
പൗരസ്ത്യ സഭാ കാര്യാലയത്തിന്റെ തലവന്‍ കര്‍ദിനാള്‍ സാന്ദ്രിപ്പിതാവും മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ആലഞ്ചേരിപ്പിതാവും മറ്റ് ഏതാനും മെത്രാന്മാരും അവിടെ സന്നിഹിതരായിരുന്നു. പാപ്പായെക്കൊണ്ട് കല്ല് വെഞ്ചരിപ്പിക്കാനുള്ള ആഗ്രഹം ആലഞ്ചേരിപ്പിതാവിനോടു ഞാന്‍ പറഞ്ഞു. ഞങ്ങള്‍ രണ്ടുപേരുംകൂടി ഇക്കാര്യം കര്‍ദിനാള്‍ സാന്ദ്രിപ്പിതാവുമായി സംസാരിച്ചു. കാര്യം സാധിക്കുന്നത് ബുദ്ധിമുട്ടായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഏതായാലും ആഗ്രഹം കൈവെടിയാതെ കല്ല് തോളില്‍ തൂക്കിയിട്ടുകൊണ്ട് ഞാന്‍ തിരുക്കര്‍മങ്ങളില്‍ സംബന്ധിച്ചു. പുറമെ കാപ്പ ധരിച്ചിരുന്നതുകൊണ്ട് കല്ല് ആരും ശ്രദ്ധിച്ചു കാണുകയില്ല. ഞങ്ങള്‍ ഏതാനും മെത്രാന്മാരുടെ ഇരിപ്പിടങ്ങള്‍ തിരുക്കര്‍മങ്ങള്‍ നടക്കുന്ന അള്ത്താരയ്ക്കടുത്തായിരുന്നു. തിരുക്കര്‍മങ്ങള്‍ക്കുശേഷം ഏതാനും മെത്രാന്മാരുടെ അടുത്തേക്ക് ഫ്രാന്‍സിസ് പാപ്പാ വന്നു. എന്റെയടുത്ത് എത്തിയപ്പോള്‍ സഞ്ചിയില്‍ കരുതിയിരുന്ന കല്ല് ഞാന്‍ മാര്‍പാപ്പയെ കാണിച്ച് ആഗ്രഹം അറിയിച്ചു. പുഞ്ചിരിയോടെ മാര്‍പാപ്പ ശില ആശീര്‍വദിച്ചു. പത്രോസിന്റെ ബസിലിക്കയില്‍വച്ച് അനേകായിരങ്ങളെ സക്ഷിനിര്ത്തി മാര്‍പാപ്പ പാറേല്‍ പള്ളിയുടെ അടിസ്ഥാനശില വെഞ്ചരിച്ചപ്പോള്‍ അവാച്യമായ സന്തോഷവും കൃതജ്ഞതയുടെ വികാരങ്ങളുമാണ് അനുഭവപ്പെട്ടത്.
ഇറ്റലിയില്‍ ഉപരിപഠനം നടത്തിക്കൊണ്ടിരുന്ന ചങ്ങനാശേരി അതിരൂപതാംഗമായ ഫാ. സോണി കടന്തോട്, തന്റെ സുഹൃത്തായ എന്‍ജിനിയറുടെ സഹായത്തോടെയാണ് ശില സജ്ജമാക്കിയത്. റോമില്‍നിന്ന് ഏകദേശം 50 കിലോമീറ്റർ അകലെയുള്ള ഒരു മലയില്‍ ഇറ്റലിയിലെ ഏറ്റവും പുരാതന മരിയന്‍ തീര്ഥാടനകേന്ദ്രത്തോടു ചേര്‍ന്നുള്ള പാറക്കെട്ടില്‍നിന്നു വെട്ടിയെടുത്ത മുപ്പതു കിലോ തൂക്കംവരുന്ന ഒരു കരിങ്കല്ല് കൊത്തിമിനുക്കി 18 സെന്റിമീറ്റര്‍ നീളവും 11 സെന്റിമീറ്റര്‍ വീതിയുമുള്ള ഇഷ്ടികരൂപത്തിലാക്കിയാണ് വെഞ്ചരിക്കാന്‍ പാകത്തിലാക്കിയത്.
? ശിലാസ്ഥാപനം സംബന്ധിച്ച്
റോമിനടുത്തുള്ള ഒരു പ്രധാന മരിയന്‍ തീര്‍ഥാടനകേന്ദ്രം സ്ഥിതിചെയ്യുന്ന സ്ഥലത്തെ പാറയില്‍നിന്നു കൊത്തിയെടുത്ത്, ഏതു പാറമേലാണോ ഈശോ തന്റെ പള്ളി (സഭ) പണിയുമെന്ന് പറഞ്ഞത്, ആ പാറയാകുന്ന പത്രോസിന്റെ പിന്‍ഗാമിയായ ഫ്രാന്‍സിസ് മാര്പാപ്പയാല് ആശീര്‍വദിക്കപ്പെട്ട കല്ല്, പാറമേല്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്ന പ്രസിദ്ധമായ പാറേല്‍ മരിയന്‍ തീര്ഥാടനപ്പള്ളിയുടെ മൂലക്കല്ലായിരിക്കുന്നു എന്നത് അര്‍ഥസമ്പുഷ്ടമായ ഒരു ചരിത്രനിയോഗവും ഭാഗ്യപ്പെട്ട സ്മരണയുമായിരിക്കുന്നു. അതിരൂപതയുടെ മുഴുവന്‍ പ്രാതിനിധ്യം കണക്കിലെടുത്ത് അടിസ്ഥാനശിലകളായി 15 കല്ലുകളാണ് സ്ഥാപിച്ചിരിക്കുന്നത്.
? പ്ലാന്‍ തയാറാക്കലും ഫണ്ട് സമാഹരണവും
തീര്‍ഥാടകര്‍ക്കു വേണ്ട എല്ലാ സൗകര്യങ്ങളും പുതിയ പള്ളിയില്‍ ക്രമീകരിക്കുംവിധമാണ് പ്ലാനും എസ്റ്റിമേറ്റും സജ്ജമാക്കിയത്. ശാന്തമായി ധ്യാനിക്കാനും പ്രാര്‍ഥിക്കാനുമുള്ള എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പള്ളിക്കുള്ളിലെ വിശുദ്ധ കലകളും ദിവ്യാലങ്കാരങ്ങളും ഭൂഗര്‍ഭ കപ്പേളയും സജ്ജീകരിച്ചിരിക്കുന്നത് ദൈവികരഹസ്യങ്ങളുടെ ആഘോഷവേദിയായ ഈ തീര്ഥാടനപ്പള്ളി സ്വര്‍ഗീയാനുഭവത്തിലേക്ക് ഭക്തജനങ്ങളെ ആനയിക്കാന്‍ സഹായിക്കണം എന്ന ലക്ഷ്യത്തോടെയാണ്. അതിരൂപതാംഗങ്ങള്ക്കെല്ലാം സ്വന്തം എന്നു തോന്നത്തക്കവിധമുള്ള ഒരു അടുപ്പവും ബന്ധവും ഈ തീര്‍ഥാടന കേന്ദ്രത്തോടുണ്ടാകണം എന്ന ലക്ഷ്യത്തോടെ മുഴുവന്‍ ഇടവകകളിലെയും വിശ്വാസീസമൂഹം മനസോടെ നല്കിയ സംഭാവനകളിലൂടെയാണ് പള്ളിനിര്‍മാണം പൂര്‍ത്തിയാക്കുന്നത്.
? പള്ളിപണിക്കിടെയുണ്ടായ തടസങ്ങള്‍
നിര്‍മാണം ഏഴു വര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കാമെന്നാണ് കരുതിയിരുന്നത്. 2018ലെ മഹാമാരിയും 2021 കാലഘട്ടത്തിലെ കോവിഡും പള്ളിപണിയെ മന്ദഗതിയിലാക്കി. സംഭാവനകള്‍ തടസപ്പെട്ടു. സാധനസാമഗ്രികളുടെയും തൊഴിലാളികളുടെയും ലഭ്യതയ്ക്ക് തടസം നേരിട്ടു. ഈ തടസങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ നിര്‍മാണം കുറച്ചുകൂടി നേരത്തേ തീരുമായിരുന്നു. എന്നാല്‍ ഇത്രയേറെ ബൃഹത്തായ നിര്‍മാണത്തിന് കൂടുതല്‍ സമയം എടുത്തെന്നും പറയാനാകില്ല. ഇപ്പോള്‍ നിര്‍മാണം പൂര്‍ത്തിയാക്കി കൂദാശ ചെയ്യപ്പെടുമ്പോള്‍ മനസില്‍ വലിയ സന്തോഷം. ബസിലിക്കയായി ഉയര്‍ത്തപ്പെടുന്നത് ധന്യനിമിഷമാണ്.