പാലക്കാട്: സ്വയം വിശുദ്ധീകരണത്തിലൂടെ ശാക്തീകരിക്കപ്പെടുന്ന താപസിക ആധ്യാത്മികതയുടെ ആചാര്യശ്രേഷ്ഠനായിരുന്നു മാർ ജോസഫ് ഇരിന്പനെന്ന് ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ പറഞ്ഞു. പാലക്കാട് രൂപതയുടെ പ്രഥമ മെത്രാനും രണ്ടു പതിറ്റാണ്ടുകാലം രൂപതയുടെ ബാലാരിഷ്ടതകളിൽ ത്യാഗപൂർണവും നിശ്ചയദാർഢ്യവുമുള്ള ജീവിത ശൈലിയിലൂടെ രൂപതയെ നയിച്ച മാർ ജോസഫ് ഇരിന്പന്റെ ചരമവാർഷികത്തോടനുബന്ധിച്ച് നടത്തിയ പദയാത്രയ്ക്കു ശേഷം സെന്റ് റാഫേൽസ് കത്തീഡ്രലിൽ നടത്തിയ വിശുദ്ധകുർബാനയിൽ മുഖ്യകാർമികത്വം വഹിച്ച് സംസാരിക്കുകയായിരുന്നു മാർ കൊച്ചുപുരയ്ക്കൽ.
മാർ ഇരിന്പന്റെ അനുകരിക്കാൻ കഴിയാത്ത വ്യക്തിപ്രഭാവവും ബന്ധങ്ങളും ഹൃദയങ്ങളെ തരളിതമാക്കിയിരുന്നുവെന്ന് കാനഡ മിസിസാഗ രൂപത ബിഷപ് മാർ ജോസ് കല്ലുവേലിൽ പറഞ്ഞു.
മാർ പീറ്റർ കൊച്ചുപുരയ്ക്കൽ, മാർ ജോസ് കല്ലുവേലിൽ, മോണ്‍ ജിജോ ചാലയ്ക്കൽ, ഫാ. ജോസ് പൊട്ടേപറന്പിൽ, ഫാ. സിജോ ഇരിന്പൻ എന്നിവരുടെ കാർമികത്വത്തിൽ നടന്ന വിശുദ്ധ കുർബാനയിൽ രൂപതയിലെ വൈദികർ സഹകാർമികരായി.
രാവിലെ 9.30 ന് സാൻജോ ടവറിൽനിന്നും ആരംഭിച്ച മാർ ഇരിന്പൻ അഞ്ചാം അനുസ്മരണ പദയാത്രയ്ക്ക് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ, മാർ ജോസ് കല്ലുവേലിൽ എന്നിവർ നേതൃത്വം നൽകി. വികാരി ജനറാൾ മോണ്‍. ജിജോ ചാലയ്ക്കൽ ഫാ. ചെറിയാൻ ആഞ്ഞിലിമൂട്ടിലിന് പതാക കൈമാറി പദയാത്ര ഫ്ളാഗ് ഓഫ് ചെയ്തു. കത്തീഡ്രൽ പള്ളിയിൽ പദയാത്ര സമാപിച്ചു. തുടർന്ന് ഫാ. ജോണ്‍ മൈലംവേലിൽ മാർ ഇരിന്പൻ അനുസ്മരണ പ്രഭാഷണം നടത്തി. രൂപതയിലെ വൈദികർ, സിസ്റ്റേഴ്സ്, വിവിധ സംഘടനകളിലെ അംഗങ്ങൾ. അല്മായർ എന്നിവർ പദയാത്രയിലും മറ്റു ശുശ്രൂഷകളിലും പങ്കെടുത്തു. കുർബാനയ്ക്കു ശേഷം മാർ ഇരിന്പന്റെ കബറിടത്തിൽ ഒപ്പീസും പ്രാർഥനകളും നടന്നു.