മുക്കൂർ (മല്ലപ്പള്ളി): മലങ്കര സുറിയാനി കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവായുടെ മെത്രാഭിഷേക രജതജൂബിലി ദിനത്തിൽ ജന്മനാട് ആദരം അർപ്പിച്ചു.
ഇന്നലെ രാവിലെ മാതൃഇടവകയായ സെന്റ് ജോസഫ് ദേവാലയത്തിലേക്ക് കർദിനാളിനെ വികാരി ഫാ.ഷാജി ബഹനാന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. തുടർന്ന് പരിശുദ്ധ ദൈവമാതാവിന്റെ സ്വർഗാരോപണ തിരുനാളിനും ജൂബിലി സ്ത്രോത്ര കുർബാനയ്ക്കും മാർ ക്ലീമിസ് ബാവ കാർമികത്വം വഹിച്ചു.
ഉച്ചകഴിഞ്ഞ് ജൂബിലി ഭവനങ്ങളുടെ കൂദാശയും താക്കോൽ ദാനവും നടന്നു. വൈകുന്നേരം മുക്കൂർ ഗ്രാമം കർദിനാളിനെ വരവേറ്റു. പൗരാവലി ഒരുക്കിയ സ്വീകരണ സമ്മേളനം മന്ത്രി കെ. മുരളീധരന് ഉദ്ഘാടനം ചെയ്തു. കേരളീയ സമൂഹത്തിൽ തനതായ നിലപാടിലൂടെ എല്ലാവരെയും ചേർത്തു നിർത്തി മുന്നോട്ടു കൊണ്ടുപോകാൻ കർദിനാൾ ക്ലീമിസ് കാതോലിക്കാ ബാവയ്ക്ക് പ്രത്യക കഴിവുണ്ടെന്ന് മന്ത്രി മുരളീധരൻ ചൂണ്ടിക്കാട്ടി.
തിരുവല്ല അതിരൂപത ആര്‍ച്ച്ബിഷപ് ഡോ. തോമസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പോലീത്ത, ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത, ബിഷപ് ഡോ. മലയിൽ സാബു കോശി ചെറിയാൻ, ഡോ. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത, ആന്റോ ആന്റണി എംപി, വര്‍ഗീസ് മാമ്മന്‍ എംഎല്‍എ, അതിരൂപത വികാരി ജനറാൾ ഫാ.ഡോ.ഐസക്ക് പറപ്പള്ളിൽ, ബഥനി ആശ്രമം സുപ്പീരിയർ ജനറാൾ ഫാ.ഗീവർഗീസ് കുറ്റിയിൽ ഒഐസി, ബഥനി സന്യാസിനി സമൂഹം സുപ്പീരിയർ ജനറാൾ സിസ്റ്റർ ആർദ്ര എസ്ഐസി, മേഖലാ വികാരി ഫാ.മാത്യു പുനക്കുളം, വികാരി ഫാ. ഷാജി ബഹനാൻ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, രാഷ്ട്രീയ സാമൂഹിക സഭാ പ്രതിനിധികൾ തുടങ്ങിയവർ പ്രസംഗിച്ചു. കർദിനാൾ ക്ലീമിസ് കാതോലിക്കാ ബാവ മറുപടി പ്രസംഗം നടത്തി. 2001 ഓഗസ്റ്റ് 15ന് തിരുവല്ല തിരുമൂലപുരത്തായിരുന്നു ക്ലീമിസ് ബാവയുടെ മെത്രാഭിഷേകം.