ബർമിംഗ്ഹാം: ലോകസമാധാനത്തിനായി സന്മാർഗിക ഉത്തരവാദിത്തത്തോടെ ഒന്നിച്ച് പ്രവർത്തിക്കാനും ഐക്യദാർഢ്യവും സ്വാർത്ഥരഹിതമായ സഹകരണവും ശക്തിപ്പെടുത്താനും ആഹ്വാനം ചെയ്തുകൊണ്ട് വത്തിക്കാന്‍റെ മതാന്തര സംഭാഷണത്തിനായുള്ള ഡിക്കസ്റ്ററിയുടെ പ്രീഫെക്ട് കർദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാട്.
ഇംഗ്ലണ്ടിലെ ബർമിംഗ്ഹാമിലുള്ള നിഷ്ക്കാം കേന്ദ്രത്തിൽ സംഘടിപ്പിച്ച സിഖ്-ക്രിസ്ത്യൻ സൗഹാർദ്ദ സമ്മേളനത്തിൽ ഉദ്ഘാടന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ബർമിംഗ്ഹാം ആർച്ച്ബിഷപ് ബെർണാഡ് ലോങ്‌ലി, ബിഷപ് പാട്രിക് മക്കിന്നി, ഗുരു നാനാക്ക് നിഷ്ക്കാം സേവക് ജഥാ ചെയർമാൻ ഭായ് സാഹിബ് മൊഹീന്ദർ സിംഗ് അഹ്‌ലുവാലിയ തുടങ്ങിയ പ്രമുഖ വ്യക്തികളുടെയും, വിവിധ മതനേതാക്കളുടെയും പണ്ഡിതരുടെയും സാന്നിധ്യത്തിലായിരുന്നു സമ്മേളനം നടന്നത്.
ഇംഗ്ലണ്ടിലെയും വെയിൽസിലെയും കത്തോലിക്കാ മെത്രാൻ സമിതിയുടെയും ഗുരു നാനാക്ക് നിഷ്ക്കാം സേവക് ജഥയുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഈ ചരിത്രപ്രധാനമായ യോഗം സിഖ് അംഗങ്ങളും ക്രിസ്ത്യാനികളും തമ്മിലുള്ള ദീർഘകാല സൗഹൃദവും സംഭാഷണങ്ങളും ശക്തിപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്.
2013 ജൂൺ 15-ന് ഇതേ വേദിയിൽ വച്ച്, നടന്ന ചരിത്രപരമായ സിഖ്-ക്രിസ്ത്യൻ കൂടിക്കാഴ്ചയുടെ തുടർച്ചയായാണ് ഈ സമ്മേളനം സംഘടിപ്പിക്കുന്നതെന്നും, കർദിനാൾ കൂവക്കാട് അനുസ്മരിച്ചു. ബർമിംഗ്ഹാം അതിരൂപതയും നിഷ്ക്കാം സേവക് ജഥയും ചേർന്ന് മതാന്തര സംഭാഷണ രംഗത്ത് വർഷങ്ങളായി നടത്തുന്ന മാതൃകാപരമായ പ്രവർത്തനങ്ങൾക്ക് വത്തിക്കാന്‍റെ മതാന്തര സംഭാഷണത്തിനായുള്ള ഡിക്കസ്റ്ററിയുടെ പ്രീഫെക്ട് എന്ന നിലയിൽ കർദിനാൾ കൂവക്കാട് പ്രത്യേകം നന്ദിയും അഭിനന്ദനവും രേഖപ്പെടുത്തി.