മാരാമണ്: സാമൂഹിക നീതി ഉറപ്പാക്കിയും ആക്രമണങ്ങളില്നിന്നു സംരക്ഷണം നല്കിയും ധാര്മികത നിലനിര്ത്താനും ഭാവി തലമുറ നേരിടുന്ന വെല്ലുവിളികളില് ജാഗ്രതകാട്ടാനുമുള്ള ആഹ്വാനത്തോടെ പമ്പാ മണല്പ്പുറത്തെ വചനവിരുന്നിനു തുടക്കമായി. ദളിതരും ആദിവാസികളും മൈക്രോ മൈനോരിറ്റിയായ ക്രൈസ്തവരും ഉള്പ്പെടുന്ന ഭാരതത്തിലെ എല്ലാ മനുഷ്യര്ക്കും തുല്യനീതിയും വര്ഗീയ കുറ്റവാളികളില് നിന്നു സംരക്ഷണവും നല്കാന് കേന്ദ്ര, സംസ്ഥാന സര്ക്കാരുകള്ക്ക് ഉത്തരാവാദിത്വമുണ്ടെന്ന് മാര്ത്തോമ്മാ സഭാധ്യക്ഷന് ഡോ. തിയഡോഷ്യസ് മാര്ത്തോമ്മാ മെത്രാപ്പോലീത്ത 131-ാമത് മാരാമണ് കണ്വന്ഷന് ഉദ്ഘാടനം ചെയ്തുകൊണ്ട് ഉദ്ബോധിപ്പിച്ചു.
രാജ്യത്ത് മതന്യൂനപക്ഷങ്ങള് നിരന്തരം പീഡിപ്പിക്കപ്പെടുന്നതു മൂലം ഒരുതരം അരക്ഷിതാവസ്ഥ സമൂഹത്തില് വളരുന്നതില് മെത്രാപ്പോലീത്ത പ്രസംഗത്തിലുടനീളം ഉത്കണ്ഠ രേഖപ്പെടുത്തി.
ഒഡീഷയില് മതപരിവര്ത്തനം ആരോപിച്ച് ഒരു ക്രിസ്തീയ വിശ്വാസിയെ ചെരുപ്പുമാല അണിയിച്ച് റോഡിലൂടെ നടത്തുകയും ചാണകം തീറ്റിക്കുകയും ചെയതു. സമുദായ ഭിന്നതയും വര്ഗീയ ഭ്രാന്തും എത്ര വേഗമാണ് മനുഷ്യത്വം ഇല്ലാത്തവരാക്കുന്നതെന്ന് ഈ സംഭവം ഓര്മിപ്പിക്കുന്നു. ക്രിസ്മസ് നാളുകളില് രാജ്യത്തിന്റെ പല ഭാഗങ്ങളിലും ക്രൈസ്തവര് നേരിട്ട പീഡനങ്ങള് ഏറെയാണ്. നമ്മുടെ കേരളത്തില് പോലും ഇത്തരം വിഷയങ്ങളുണ്ടായി. നീതിനിഷേധം, പൗരത്വത്തിന്റെ ചോദ്യം ചെയ്യല്, രാജ്യസ്നേഹത്തിന്റെ തെറ്റായ വ്യാഖ്യാനം ഉള്പ്പെടെ ജനാധിപത്യം ദുര്ബലമാകുന്ന കാഴ്ചകള് ആപത്കരമാണ്.
എല്ലാവരെയും ഉള്ക്കൊള്ളുന്ന തുല്യാവകാശങ്ങള് മാനിക്കുന്ന, വിമര്ശനങ്ങള് കേള്ക്കാന് തയാറുള്ള ഭരണസംവിധാനങ്ങള് രാജ്യത്ത് ആവശ്യമാണ്. രാജ്യം ഏകാധിപത്യത്തിലേക്ക് വഴിമാറരുത്. ബദല് സ്വരങ്ങള് നിലനില്ക്കണം. 2023ല് സമര്പ്പിച്ച ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷന് റിപ്പോര്ട്ടിലെ ശിപാര്ശകള് പുറത്തുവിടാനും നടപ്പാക്കാനും ബന്ധപ്പെട്ടവര് ഇച്ഛാശക്തി കാണിക്കണം.
മതാധ്യാപകര്ക്ക് ക്ഷേമനിധി എന്ന നിര്ദേശവുമായി സര്ക്കാര് വന്നപ്പോള് അതേക്കുറിച്ച് ജെ.ബി. കോശി കമ്മീഷന് എന്താണ് പറഞ്ഞിരിക്കുന്നതെന്ന് അറിയണം. നിസ്വാര്ഥ സേവനം ചെയ്യുന്ന സഭാ സംവിധാനത്തിലേക്ക് രാഷ്്ട്രീയ ഇടപെടലുകള്ക്കുള്ള മറ്റൊരു പിന്വാതില് ആയി ഇതു മാറരുത്.
കോര്പറേറ്റുകള് രാഷ്ട്രീയവും തെരഞ്ഞെടുപ്പും നിയന്ത്രിക്കുന്ന അവസ്ഥ ജനാധിപത്യത്തെ തകിടംമറിക്കുമെന്ന് മാര്ത്തോമ്മാ മെത്രാപ്പോലീത്ത അഭിപ്രായപ്പെട്ടു. കോര്പറേറ്റുകള് ഒരു രാജ്യവും വിഴുങ്ങാന് പാടില്ല. ഇന്ത്യ സാമ്പത്തിക ശക്തിയായി മാറുമ്പോള് പുറമ്പോക്കില് കഴിയുന്ന ദരിദ്രര് അവിടെത്തന്നെ കഴിയുന്ന അവസ്ഥ മാറണം. വിശ്വാസത്തിന്റെയും ആചാരാനുഷ്ഠാനങ്ങളുടെയും വസ്ത്രധാരണത്തിന്റെയും ഭക്ഷണത്തിന്റെയും ഭാഷയുടെയും ലിംഗവ്യത്യാസത്തിന്റെയും പേരില് മനുഷ്യനെ വേലികെട്ടി അകറ്റി നിര്ത്തുകയല്ല, മനുഷ്യനെ മനുഷ്യനായി കാണാന് കഴിയണം.
പതിതരില് പ്രതീക്ഷ പകരുന്ന, അനീതികളെ അതിജീവിക്കുന്ന, മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളോടു പ്രതികരിക്കുന്ന, ചെറിയ വിഭവങ്ങളെ സാധ്യതകളാക്കുന്ന സാക്ഷ്യത്തിനായി ശക്തീകരിക്കുന്ന ക്രിസ്തുവിനെയാണ് ബൈബിള് സാക്ഷിക്കുന്നതെന്ന് മെത്രാപ്പോലീത്ത ചൂണ്ടിക്കാട്ടി.
മാര്ത്തോമ്മാ സുവിശേഷ പ്രസംഗ സംഘം പ്രസിഡന്റ് ഡോ. ഐസക് മാര് പീലക്സിനോസ് എപ്പിസ്കോപ്പ് അധ്യക്ഷത വഹിച്ചു. ഡോ. ക്ലിയോഫസ്് ജെ. ലാറു പ്രസംഗിച്ചു. മാര്ത്തോമ്മാ സഭയിലെയും സഹോദരീ സഭകളിലെയും ബിഷപ്പുമാര്, മന്ത്രിമാര്, ജനപ്രതിനിധികള് തുടങ്ങിയവര് ഉദ്ഘാടന യോഗത്തില് പങ്കെടുത്തു. ഇന്നു മുതല് കണ്വന്ഷന് പന്തലിനു കീഴില് പ്രധാന യോഗങ്ങള്ക്കു പുറമേ കുടുംബവേദി, ബൈബിള് ക്ലാസുകള് തുടങ്ങിയവയും ഉണ്ടാകും. കണ്വന്ഷന് 15നു സമാപിക്കും.