കണ്ണൂർ: അന്താരാഷ്ട്ര യുവജനദിനത്തോടനുബന്ധിച്ച് വിദ്യാർഥികൾക്കിടയിൽ എച്ച്ഐവി/ എയ്ഡ്സിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി യൂത്ത് ഫെസ്റ്റ് 2026 ന്റെ ഭാഗമായി കോളജ് വിദ്യാർഥികൾക്കായി മാരത്തൺ മത്സരവും സ്കൂൾ വിദ്യാർഥികൾക്കായി ക്വിസ് മത്സരവും നടത്തി.
ജില്ലാ മെഡിക്കൽ ഓഫീസ് കോമ്പൗണ്ടിൽ നിന്നാരംഭിച്ച മാരത്തൺ ടി.ഒ. മോഹനൻ എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു.
പുരുഷ വിഭാഗം മാരത്തൺ മത്സരത്തിൽ പിണറായി ഗവ. ഐടിഐയിലെ പി. അശ്വിൻ ഒന്നാം സ്ഥാനവും ചെമ്പിലോട് ഹയർ സെക്കൻഡറി സ്കൂളിലെ പി. ദേവനന്ദ് രണ്ടാം സ്ഥാനവും മാട്ടൂൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ കെ. റോഹൻ മൂന്നാം സ്ഥാനവും നേടി. വനിതകളുടെ വിഭാഗത്തിൽ കണ്ണൂർ എസ്എൻ കോളജിലെ ആർ.കെ. ദേവാംഗന ഒന്നാം സ്ഥാനവും പഴയങ്ങാടി വാദിഹുദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിസർച്ച് ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ ഗോപിക ബിജു രണ്ടും ടി. നയന മൂന്നും സ്ഥാനങ്ങൾ നേടി.
എച്ച്ഐവി/എയ്ഡ്സ് ക്വിസ് മത്സരത്തിൽ കല്യാശേരി കെപിആർജിഎസ് ജിഎച്ച്എസ്എസിലെ ദേവിക പ്രകാശ്, രുദ്ര പ്രിയ ടീം ഒന്നാം സ്ഥാനവും അഴീക്കോട് ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ അമൃത, കല്യാണി എന്നിവരുടെ ടീം രണ്ടാം സ്ഥാനവും പാപ്പിനിശേരി ഇഎംഎസ് ജിഎച്ച്എസ്എസിലെ എ.ടി.പി. റാഫിയ, ദിയ ഫാത്തിമ ടീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടിയവർക്ക് 5,000 രൂപയും രണ്ടാം സ്ഥാനം നേടിയവർക്ക് 4,000 രൂപയും മൂന്നാം സ്ഥാനം നേടിയവർക്ക് 3,000 രൂപയുമാണ് സമ്മാനം. വിജയികൾക്ക് ജില്ലാ ടി ബി ആൻഡ് എയ്ഡ്സ് കൺട്രോൾ ഓഫീസർ ഡോ. രശ്മി മാത്യു സമ്മാനങ്ങൾ വിതരണം ചെയ്തു.
ജില്ലാ മെഡിക്കൽ ഓഫീസ്, ദേശീയ ആരോഗ്യ ദൗത്യം, ജില്ലാ എയ്ഡ്സ് കൺട്രോൾ ഓഫീസ്, സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റി, എൻഎസ്എസ്, കണ്ണൂർ എന്നിവയുടെ സംയുക്താഭിമുഖ്യത്തി ലാണ് പരിപാടി സംഘടിപ്പിച്ചത്.
ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വിവേക് ആർ കുമാർ, ജില്ലാ ടിബി ആൻഡ് എയ്ഡ്സ് കൺട്രോൾ ഓഫീസർ ഡോ. രശ്മി മാത്യു, ജില്ലാ എഡ്യുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ വി.എ. ഷബീർ, എന്നിവർ പരിപാടിയിൽ പങ്കെടുത്തു.