പത്തനംതിട്ട: സേവന മേഖലയിൽ മികവ് തെളിയിച്ചവർക്ക് സാൻ ജോർജിയൻ ചാരിറ്റബിൾ സൊസൈറ്റി ഏർപ്പെടുത്തിയിരിക്കുന്ന അവാർഡിന് മറിയാമ്മ ഉമ്മൻചാണ്ടി അർഹയായി. 2500 രൂപയും ഫലകവും പ്രശസ്തി പത്രവുമാണ് അവാർഡ്.
18ന് ഉച്ചകഴിഞ്ഞ് രണ്ടിന് നഗരസഭ കോൺഫറൻസ് ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ ഡോ. സാമുവൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്ത അവാർഡ് സമ്മാനിക്കും. ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്യും. യോഗത്തിൽ ഡയാലിസിസ് രോഗികൾക്കുള്ള ധനസഹായ വിതരണം സാന്ത്വനം ഡയറക്ടർ ഫാ. കെ. എസ്. ജോർജ് നിർവഹിക്കും. ഭവന നിർമാണ ഉദ്ഘാടനം കൊടുമൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. ജി. ഗീതാദേവി നിർവഹിക്കും.
സമൂഹത്തിലെ നിർധനരായ കാൻസർ, വൃക്ക രോഗികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ സർവീസിൽ നിന്നും വിരമിച്ചവരും അഭ്യുദകാംക്ഷികളുമായ എതാനും പേർ ചേർന്ന് രൂപം നൽകിയ പ്രസ്ഥാനമാണ് സാൻ ജോർജിയൻ എഡ്യുക്കേഷണൽ ആൻഡ് ചാരിറ്റബിൾ സൊസൈറ്റി. സൊസൈറ്റിയുടെ പ്രവർത്തനങ്ങൾക്ക് പ്രസിഡന്റ് പോൾ റമ്പാനും സാന്ത്വന ചികിത്സാ പദ്ധതികൾക്ക് ഫാ. കെ. എസ്. ജോർജും നേതൃത്വം നൽകിവരുന്നു.
സാമൂഹിക സേവന മേലകളിലെ മികവിന് എല്ലാ വർഷവും സാൻജോർജിയൻ പുരസ്കാരവും നൽകുന്നുണ്ട്. സാമൂഹിക സേവന രംഗത്ത് കുടുംബമായി നൽകിവരുന്ന സേവനങ്ങൾ കണക്കിലെടുത്താണ് മറിയാമ്മ ഉമ്മൻ ചാണ്ടിക്ക് ഇക്കൊല്ലം പുരസ്കാരം നൽകുന്നതെന്നും ഭാരവാഹികൾ പറഞ്ഞു.
വൈസ് പ്രസിഡന്റ് ഡോ. ജോർജ് വർഗീസ് കൊപ്പാറ, ജനറൽ സെക്രട്ടറി ജേക്കബ് കുറ്റിയിൽ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.