രാജാക്കാട്: ഇടുക്കി രൂപതയിലെ മരിയൻ തീർഥാടന കേന്ദ്രമായ രാജകുമാരി ദൈവമാതാ പള്ളിയിലേക്കുള്ള ആറാമത് കാൽനട തീർഥാടനം സെപ്റ്റംബർ അഞ്ചിന് നടക്കും. രൂപത മരിയൻ തീർഥാടനത്തിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. തീർഥാടനത്തിന്റെ നടത്തിപ്പിനായി സ്വാഗത സംഘം രൂപീകരിച്ചു. രാജാക്കാട് ക്രിസ്തുരാജാ പള്ളിയിൽ ചേർന്ന സ്വാഗത സംഘ രൂപീകരണ യോഗം രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്തു.
രൂപത വികാരി ജനറാൾ മോൺ. ഏബ്രഹാം പുറയാറ്റ് ചെയർമാനും മോൺ. ജോസ് നരിതൂക്കിൽ ജനറൽ കൺവീനറും ഫാ. മാത്യു കരോട്ടുകൊച്ചറക്കൽ, ഫാ. ആന്റണി പനച്ചിക്കൽ എന്നിവർ കൺവീനർമാരുമായി നൂറുപേരടങ്ങിയ വിവിധ കമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചു. പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവിത്തിരുനാളിനൊരുക്കമായുള്ള എട്ടുനോമ്പിനോടനുബന്ധിച്ചാണ് തീർഥാടനം നടത്തുന്നത്.
സെപ്റ്റംബർ അഞ്ചിന് രാവിലെ 9.30ന് രാജാക്കാട് ക്രിസ്തുരാജാ പള്ളിയിൽനിന്ന് ആരംഭിക്കുന്ന തീർഥാടനത്തിൽ രൂപതയിലെ മുഴുവൻ വൈദികരും സമർപ്പിതരും വിവിധ ഇടവകകളിൽനിന്നുള്ള ആയിരക്കണക്കിന് വിശ്വാസികളും പങ്കെടുക്കും.
തീർഥാടനം ഉച്ചയോടെ രാജകുമാരി തീർഥാടന ദേവാലയത്തിൽ എത്തിച്ചേരുമ്പോൾ തൃശൂർ അതിരൂപത മെത്രാപ്പോലീത്ത ആർച്ച് ബിഷപ്പ് മാർ ആഡ്രൂസ് താഴത്ത് വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകും. തീർഥാടകരെ സ്വീകരിക്കാൻ രാജകുമാരിയിൽ വിപുലമായ ഒരുക്കങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്.
തീർഥാടകരായി എത്തുന്ന മുഴുവൻ വിശ്വാസികൾക്കും നേർച്ചക്കഞ്ഞി വിതരണം ചെയ്യും. രൂപതയുടെ ആത്മീയ ഉണർവിനും പൊതുസമൂഹത്തിൽ ആകമാനം നന്മയുടെ വളർച്ചയ്ക്കും ഈ തീർഥാടനം വഴിയൊരുക്കുമെന്ന് മാർ ജോൺ നെല്ലിക്കുന്നേൽ പറഞ്ഞു. യോഗത്തിൽ ഫാ. ജോബി മാതാളിക്കുന്നേൽ ഫാ. ജിൻസ് കാരയ്ക്കാട്ട് എന്നിവർ പ്രസംഗിച്ചു.