കൊച്ചി: നാവികസേനയുടെ പായ്ക്കപ്പലായ ഐഎന്‍എസ് സുദര്‍ശിനി പത്തു മാസം നീണ്ടുനിന്ന ‘ലോകയാന്‍ 2026’ സമുദ്രാന്തര ദൗത്യം പൂര്‍ത്തിയാക്കി കൊച്ചി ദക്ഷിണ നാവികസേന ആസ്ഥാനത്തു തിരിച്ചെത്തി.
ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി തിരിച്ചെത്തിയ ഐഎന്‍എസ് സുദര്‍ശിനിക്ക് നാവികസേന വാട്ടര്‍ സല്യൂട്ടും നേവല്‍ ബാന്‍ഡിന്റെ അകമ്പടിയോടെയുള്ള ചടങ്ങുകളുമായി ആവേശകരമായ സ്വീകരണമാണ് ഒരുക്കിയത്.
കടലിന്റെ കടുത്ത വെല്ലുവിളികളെയും പ്രതിസന്ധികളെയും അതിജീവിച്ചു സാഹസികയാത്ര പൂര്‍ത്തിയാക്കി തിരിച്ചെത്തിയ പ്രിയപ്പെട്ടവരെ കണ്ണീരോടും പുഞ്ചിരിയോടും കൂടി കെട്ടിപ്പിടിച്ചും ചുംബനങ്ങള്‍ നല്കി ആശ്ലേഷിച്ചുമാണ് കുടുംബാംഗങ്ങള്‍ വരവേറ്റത്. രണ്ടു മലയാളികള്‍ ഉള്‍പ്പടെ 48 നാവിക സേനാംഗങ്ങളായിരുന്നു യാത്രയുടെ ഭാഗമായത്.
2026 ജനുവരി 20നാണ് കൊച്ചിയില്‍നിന്ന് ‘ലോകയാന്‍ 26’ യാത്ര ആരംഭിച്ചത്. ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക, വടക്കേ അമേരിക്ക എന്നീ വന്‍കരകളിലെ 11 രാജ്യങ്ങളിലായി 17 തുറമുഖങ്ങളിലാണ് കപ്പല്‍ അടുപ്പിച്ചത്. അറ്റ്ലാന്റിക് സമുദ്രത്തിലൂടെ 19 ദിവസത്തെ സമുദ്രയാത്ര അടങ്ങിയതായിരുന്നു ഈ ദൗത്യം.
ഫ്രാന്‍സില്‍ നടന്ന എസ്കേല് അസെറ്റ് മാരിടൈം ഹെറിറ്റേജ് ഫെസ്റ്റിവലില്‍ പങ്കെടുത്തതും അമേരിക്കയിലെ സെയില്‍ 250, ഇന്റര്‍നാഷണല്‍ നേവല്‍ റിവ്യൂവില്‍ പങ്കെടുത്തതും യാത്രയിലെ പ്രധാന നാഴികക്കല്ലുകളായിരുന്നുവെന്ന് സംഘാംഗങ്ങൾ പറഞ്ഞു. പ്രതികൂല കാലാവസ്ഥയോടു പൊരുതി 2,200 നോട്ടിക്കല്‍ മൈല്‍ പൂര്‍ണമായും പായ് ഉപയോഗിച്ചു കാറ്റിന്റെ സഹായത്തോടെ സഞ്ചരിച്ചാണ് ലോകയാന്‍ യാത്ര പൂര്‍ത്തിയാക്കിയത്.
സ്വീകരണസമ്മേളനത്തില്‍ ദക്ഷിണ നാവികസേന മേധാവി വൈസ് അഡ്മിറല്‍ സമീര്‍ സക്സേന അധ്യക്ഷത വഹിച്ചു. രാജ്യത്തിനും നാവികസേനയ്ക്കും അഭിമാനമായ കപ്പലിലെ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും അര്‍പ്പണബോധത്തെയും പ്രതിബദ്ധതയെയും അദ്ദേഹം അഭിനന്ദിച്ചു.
രാജ്യത്തിന്റെ സമുദ്രപാരമ്പര്യവും അന്താരാഷ്ട്ര സഹകരണത്തോടുള്ള പ്രതിബദ്ധതയും ഉയര്‍ത്തിക്കാട്ടുന്നതോടൊപ്പം പരിശീലന നിലവാരത്തിന്റെയും പ്രവര്‍ത്തനക്ഷമതയുടെയും തെളിവാണ് ഈ നേട്ടമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.