കൊച്ചി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റ് അപ്ലോഡ് ചെയ്യാനുള്ള സമയം നീട്ടണമെന്നാവശ്യപ്പെട്ടു ഹൈക്കോടതിയില്‍ ഹര്‍ജി.
കൗണ്‍സില്‍ ഓഫ് സിബിഎസ്ഇ സ്കൂള്‍സ് കേരളയ്ക്കുവേണ്ടി ഡോ. ഇന്ദിര രാജനും പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷ സമര്‍പ്പിച്ച വിദ്യാര്‍ഥികളും നല്കിയ ഹര്‍ജിയില്‍ ജസ്റ്റീസ് ബെച്ചു കുര്യന് തോമസ് സര്‍ക്കാരിന്റെ വിശദീകരണം തേടി. ഹര്‍ജി ചൊവ്വാഴ്ച പരിഗണിക്കും.
സിബിഎസ്ഇ ഈ വര്‍ഷം മുതല്‍ പ്ലസ് ടു പരീക്ഷാ പേപ്പറുകളുടെ മൂല്യനിര്‍ണയം ഓണ്‍ സ്ക്രീന്‍ മാര്‍ക്കിംഗ് സംവിധാനത്തിലേക്കു മാറ്റിയിരുന്നു. ഇതിന്റെ പോരായ്മകള്ക്കെതിരേ വ്യാപക പരാതി ഉയര്‍ന്നതിനെത്തുടര്‍ന്ന് പുനര്‍മൂല്യനിര്‍ണയത്തിനായി അപേക്ഷ നല്കാന് ജൂണ്‍ ആറുവരെ അവസരം നല്കി. ഇതിനിടയിലാണ് ജൂണ്‍ ഏഴിനകം 12ാം ക്ലാസ് മാര്‍ക്ക് അപ്ലോഡ് ചെയ്യണമെന്ന് കേരള പ്രവേശനപരീക്ഷാ കമ്മീഷണറുടെ വിജ്ഞാപനമുണ്ടായത്.
പുനര്‍മൂല്യനിര്‍ണയത്തിലൂടെ മാര്‍ക്കില്‍ ചെറിയ വര്‍ധനയുണ്ടായാല്‍പ്പോലും റാങ്കിനെ ബാധിക്കുമെന്നിരിക്കെ പുനര്‍ മൂല്യനിര്‍ണയ ഫലം വരുന്നതിനുമുമ്പുളള മാര്‍ക്ക് ലിസ്റ്റ് അപ്ലോഡ് ചെയ്യേണ്ട അവസ്ഥയാണിപ്പോഴുള്ളതെന്ന് ഹര്‍ജിയില്‍ പറയുന്നു.