നെടുങ്കണ്ടം: ഇരട്ടക്കൊലപാതകത്തിന്റെ ഞെട്ടലിലാണ് പച്ചടി തോട്ടുവാക്കട. അമ്മയെയും മകനെയും കൊന്നു കുഴിച്ചുമൂടി എന്ന വാര്‍ത്ത ഇന്നലെ പുലര്‍ച്ചെയാണ് നാട്ടുകാര്‍ അറിഞ്ഞത്.
പുറംലോകവുമായി അധികം ബന്ധമില്ലാത്ത കുടുംബമായിരുന്നു തോട്ടുവാക്കട പൊന്നുട്ടയില്‍ മേരിക്കുട്ടിയുടേത്. മേരിക്കുട്ടിയുടെയും മൂത്തമകന് റെജിയുടെയും അഴുകിയ മൃതദേഹങ്ങളാണ് ഇവരുടെ വീടിനു സമീപത്തെ പട്ടിക്കൂടിന് പിന്നില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ക്ക് 15 ദിവസത്തോളം പഴക്കമുണ്ടെന്ന് പോലീസ് പറഞ്ഞു.
കൊലപാതകത്തിന് പിന്നില്‍ മേരിക്കുട്ടിയുടെ ഇളയ മകന് സജിയാണെന്ന് പോലീസ് സംശയിക്കുന്നു. പോലീസ് എത്തിയതോടെ ഇയാള്‍ ഓടി രക്ഷപെടുകയായിരുന്നു. ഇവരെ കൂടാതെ മേരിക്കുട്ടിക്ക് രണ്ട് മക്കള്കൂടിയാണുള്ളത്. ഭിന്നശേഷിക്കാരിയായ ഒരു മകള്‍ അഭയകേന്ദ്രത്തിലാണ്. മറ്റൊരു മകള്‍ വിവാഹിതയുമാണ്.
മരിച്ച റെജിയും പ്രതി എന്ന് സംശയിക്കുന്ന സഹോദരന് സജിയും തമ്മില്‍ മദ്യപിച്ച് വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു. സ്ഥിരമായി പരസ്പരം പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന ഇവര്‍ അയല്‍ക്കാരെയും സഹോദരിമാരടക്കമുള്ള ബന്ധുക്കളെയും വീട്ടിലേക്ക് അടുപ്പിച്ചിരുന്നില്ല. വിവിധ അസുഖങ്ങളാല്‍ ബുദ്ധിമുട്ടുന്ന അമ്മയെ കാണുന്നതിനായി സഹോദരിമാര്‍ വീട്ടില്‍ എത്തുന്നത് പോലും ഇവര്‍ തടഞ്ഞിരുന്നു.
മേരിക്കുട്ടിയെയും റെജിയെയും ദിവസങ്ങളായി പുറത്ത് കാണാതിരുന്നതോടെ അയല്‍വാസികള്‍ സജിയോട് വിവരം തിരക്കിയെങ്കിലും പരസ്പരവിരുദ്ധമായ മറുപടികളാണ് നല്‍കിയത്. ഇതേത്തുടര്‍ന്ന് സംശയം തോന്നിയ നാട്ടുകാര്‍ മേരിക്കുട്ടിയുടെ മകള്‍ സിനിയെ അറിയിച്ചിരുന്നു. മകള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഞായറാഴ്ച വൈകുന്നേരം നെടുങ്കണ്ടം പോലീസ് സ്ഥലത്തെത്തിയത്.
സംശയം തോന്നിയതോടെയാണ് പോലീസ് വീടും പരിസരവും പരിശോധിച്ചതും മുറ്റത്ത് മണ്ണിളകിക്കിടക്കുന്ന സ്ഥലം കുഴിച്ചുനോക്കുകയും ചെയ്തത്. ഇന്നലെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ മൃതദേഹങ്ങള്‍ പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഒളിവില്‍ പോയ സജിയെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
ഇയാളുടെ കൈയിലുണ്ടായിരുന്ന ബാഗ് വീടിനു സമീപത്തെ മലമുകളില്‍നിന്നും കണ്ടെത്തിയിട്ടുണ്ട്. ഇതിനിടെ 2018 ല്‍ കാണാതായ മേരിക്കുട്ടിയുടെ ഭര്‍ത്താവ് മാത്യുവിന്റെ തിരോധാനവും കൊലപാതകമാണോ എന്ന സംശയത്തിലാണ് പോലീസും നാട്ടുകാരും. ഒളിവില്‍ പോയ സജിയെ പിടികൂടിയാല്‍ മാത്രമേ ഇരട്ടക്കൊലപാതകം സംബന്ധിച്ചും പിതാവിന്റെ തിരോധാനം സംബന്ധിച്ചും കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകുകയുള്ളു.
ഇല്ലാത്ത വിവാഹത്തിന് നാട്ടുകാരെ ക്ഷണിച്ചു
പച്ചടി തോട്ടുവാടകയിലെ ഇരട്ടക്കൊലപാതകത്തിലെ പ്രതി എന്നു സംശയിക്കുന്ന സജി ഇയാളുടെ വിവാഹത്തിന് അയൽവാസികളെ ക്ഷണിച്ചിരുന്നു. കഴിഞ്ഞ 10ന് വിവാഹമാണന്നും 600 പേരെ ക്ഷണിച്ചിട്ടുണ്ടെന്നുമാണ് ഇയാൾ പറഞ്ഞിരുന്നത്.
എന്നാൽ, വധുവിനെ സംബന്ധിച്ച് പല രീതിയിലാണ് നാട്ടുകാരോടു പറഞ്ഞിരുന്നതു. പിന്നീട് നാട്ടുകാർ നടത്തിയ അന്വേഷണത്തിൽ ഇങ്ങനെ ഒരു വിവാഹാലോചനപോലും നടന്നതായി അറിയാൻ കഴിഞ്ഞില്ല.
എന്നാൽ, സജി പറഞ്ഞ വിവാഹ തീയതിയിൽ ദേഹത്ത് പരിക്കുകളോടെയാണ് ഇയാളെ കണ്ടത്. വധുവിന്റെ ബന്ധു മരിച്ചതിനാൽ വിവാഹം മാറ്റിവച്ചതായും ഇയാൾ പറഞ്ഞു. ബാത്ത്റൂമിൽ തെന്നിവീണാണ് പരിക്കേറ്റതെന്നും ഇയാൾ പറഞ്ഞിരുന്നു.