തിരുവനന്തപുരം: നെടുമ്പാശേരിയിൽ മദ്യപിച്ചു വാഹനമോടിച്ചു മൂന്നു പേരുടെ ജീവനെടുത്ത കേസിൽ പ്രതികൾക്കു പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കുമെന്നും കേസുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിയമസഭയിൽ പറഞ്ഞു. മദ്യപിച്ചു വാഹനമോടിക്കുന്നത് അവസാനിപ്പിക്കാനുള്ള ശക്തമായ നടപടികളുണ്ടാകും.
18 മുതൽ 21 വയസുവരെയുള്ള പ്രതികളെ ജയിലിലടയ്ക്കുന്നതിനു പകരം ബോസ്റ്റൽ സ്കൂളിലേക്ക് അയയ്ക്കാനുള്ള നിലവിലെ നിയമം മാറ്റുന്നത് ആലോചിക്കും. കേസിന്റെ പ്രാധാന്യം കണക്കിലെടുത്ത് സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കും. 10 വർഷംവരെ ശിക്ഷ കിട്ടാവുന്ന വകുപ്പുകളാണു ചുമത്തിയത്.
പൊലിസ് നടപടികളിൽ വീഴ്ച ഉണ്ടായിട്ടില്ല. മെഡിക്കൽ പരിശോധനാ ഫലം ലഭിച്ചശേഷം മോട്ടോർവാഹന നിയമത്തിലേത് അടക്കം കൂടുതൽ വകുപ്പുകൾ കൂട്ടിച്ചേർത്തു. കുറ്റകരമായ നരഹത്യക്കാണ് കേസ്. കാറിലുണ്ടായിരുന്ന മറ്റു മൂന്നുപേർ ഒന്നാംപ്രതി സുഹൈലിന് പ്രേരണ നൽകിയെന്നു മനസിലാക്കി അവർക്കെതിരേയും കേസെടുത്തു.
സുഹൈലിന്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പിനു കത്തു നൽകി. കേസിന്റെ അന്വേഷണം ആലുവ ഡിവൈഎസ്പി ബൈജു പൗലോസിന് കൈമാറി. മരിച്ചവരുടെ കുടുംബങ്ങളുടെ പരാതി പരിശോധിച്ച് ഉചിതമായ നടപടി ഉറപ്പാക്കാൻ ദക്ഷിണമേഖലാ ഐജി നിശാന്തിനിയെ ചുമതലപ്പെടുത്തി.
നാട്ടുകാർ പിടികൂടി പ്രതിയെ കൈയോടെ പൊലിസിൽ ഏൽപ്പിച്ചിട്ടും എഫ്ഐആർ രജിസ്റ്റർ ചെയ്തതിലും അറസ്റ്റ് രേഖപ്പെടുത്തിയതിലും കാലതാമസമുണ്ടായെന്നു പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സബ്മിഷനിൽ ആരോപിച്ചു. കൃത്യസമയത്തു പ്രതിയുടെ വൈദ്യപരിശോധന നടത്തിയില്ല. പ്രതിയെ മാറ്റാനുള്ള ശ്രമമുണ്ടായോയെന്നു സംശയിക്കണമെന്നും പിണറായി പറഞ്ഞു.
വർഗീയപ്രചാരണങ്ങളെ അപലപിച്ച് നിയമസഭ
നെടുന്പാശേരി അപകടത്തിനു ശേഷമുണ്ടായ വർഗീയ പ്രചാരണങ്ങളെ നിയമസഭ അപലപിക്കുന്നതായി സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.