ന്യൂഡൽഹി: ബിഎസ്പി ദേശീയ കോ-ഓർഡിനേറ്ററും തന്റെ അനന്തരവനുമായ ആകാശ് ആനന്ദിന് പാർട്ടിയിൽ തത്കാലം പ്രധാന ചുമതലകളൊന്നും നൽകില്ലെന്ന് ബിഎസ്പി അധ്യക്ഷ മായാവതി. പാർട്ടി ഭാരവാഹികളുടെ ദേശീയതല യോഗത്തിൽ സംസാരിക്കവേയാണ് മായാവതി നിലപാട് വ്യക്തമാക്കിയത്. രാഷ്ട്രീയമായി ആകാശ് ആനന്ദ് ഇനിയും കൂടുതൽ പക്വത നേടേണ്ടതുണ്ടെന്നും അത് കൈവരിക്കുന്നത് വരെ വലിയ ഉത്തരവാദിത്തങ്ങൾ ഏൽപ്പിക്കുന്നത് ഉചിതമല്ലെന്നും അവർ പറഞ്ഞു.
ഭാവിയിൽ രാജ്യത്തുടനീളം നടക്കുന്ന ചെറുതും വലുതുമായ എല്ലാ തെരഞ്ഞെടുപ്പുകളിലും ബിഎസ്പി ഒറ്റയ്ക്ക് മത്സരിക്കുമെന്നും മായാവതി പ്രഖ്യാപിച്ചു. കോൺഗ്രസ് ദലിത് വിരുദ്ധ പ്രസ്ഥാനമാണെന്നും ആർഎസ്എസിന്റെ വാക്കും പ്രവൃത്തിയും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്നും അവർ വിമർശിച്ചു. പാർട്ടി സ്ഥാപകൻ കൻഷി റാമിന്റെ തത്ത്വങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് കുടുംബാംഗങ്ങൾക്ക് തെരഞ്ഞെടുപ്പ് ടിക്കറ്റോ പ്രധാന പദവികളോ നൽകുന്നതിനോട് യോജിക്കുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.