ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയിക്കെതിരെ ഡിഎംകെ വനിതാ നേതാവിന്റെ രൂക്ഷമായ അധിക്ഷേപം. ഡിഎംകെ വേദിയിൽ വെച്ച് വിജയിയെ 'നായ' എന്ന് വിളിക്കുകയും, ഈ രീതിയിൽ മുന്നോട്ട് പോയാൽ വൈകാതെ അദ്ദേഹം മൂക്കിൽ പഞ്ഞി വെച്ച് ഇരിക്കേണ്ടി വരുമെന്ന് അധിക്ഷേപിക്കുകയും ചെയ്തു. ഡി.എം.കെ നേതാവ് കനിമൊഴി വേദിയിലിരിക്കെയായിരുന്നു ഈ പരാമർശങ്ങൾ.
വനിതാ നേതാവിന്റെ പ്രസംഗത്തിന് സദസിലുണ്ടായിരുന്ന ഡിഎംകെ അണികൾ കയ്യടിച്ച് പ്രോത്സാഹിപ്പിച്ചെങ്കിലും, കനിമൊഴി വേദിയിൽ വെച്ച് തന്നെ അസ്വസ്ഥത പ്രകടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കൂടാതെ, വേദിയിലുണ്ടായിരുന്ന മേയർ പ്രിയ ഇതിനിടെ ചിരിക്കുന്നതിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.
സംഭവത്തിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ കനിമൊഴിക്കും മേയർ പ്രിയക്കും ഡിഎംകെയ്ക്കുമെതിരെ ടിവികെ സൈബർ പോരാളികൾ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി. മുഖ്യമന്ത്രിയെ അധിക്ഷേപിച്ചും നായ എന്ന് വിളിച്ചും പ്രസംഗിച്ച നേതാക്കൾക്കെതിരെ ഉടൻ കേസെടുക്കണമെന്നാണ് ടിവികെ പ്രവർത്തകരുടെ ആവശ്യം.