അങ്ങകലെ അറബിക്കടലില്‍ തലയുയര്‍ത്തി നില്ക്കുന്ന വെള്ളിയാങ്കല്ലില്‍ ആത്മാവുകള്‍ തുമ്പികളായി പാറിനടക്കുമെന്നും ഓരോ ജനനത്തിനുള്ള ആത്മാക്കളും അവിടെനിന്നു വന്ന് മരണത്തോടെ അവിടേക്കു മടങ്ങുന്നുവെന്നുമുള്ള മയ്യഴിക്കാരുടെ മിത്തിനെ ലോകമെമ്പാടുമുള്ള വായനക്കാർക്ക് പകര്‍ന്ന മലയാളത്തിന്റെ പ്രിയ എഴുത്തുകാരന് ഇന്ന് ശതാഭിഷേകം.
“എല്ലാ രാജ്യങ്ങളിലും എന്ന പോലെ മയ്യഴിരാജ്യത്തും ഒരു ജാലവിദ്യക്കാരനുണ്ട്. മാഗി മദാമ്മയുടെ സായ്പും മൈക്കലിന്റെയും എല്സിയുടെയുടെയും പപ്പയുമായ അല്ഫോന്സച്ചന്...” ‘ദൈവത്തിന്റെ വികൃതി’കളിലൂടെ മയ്യഴിയുടെ കഥ പറഞ്ഞ് ഒടുവില്‍ ഫ്രാന്‍സിലേക്കു തിരിച്ചുപോകാതെ മയ്യഴിയില്‍ത്തന്നെ കഴിച്ചുകൂട്ടിയ അല്ഫോന്സച്ചനെ പോലെ അത്രമേല്‍ മയ്യഴിയെ സ്നേഹിക്കുന്ന കേരളീയനല്ലാത്ത മലയാളത്തിലെ ഏക എഴുത്തുകാരനാണ് എം. മുകുന്ദന്. എഴുത്തിലും ജീവിതത്തിലും യുവത്വത്തിന്റെ പ്രസരിപ്പുള്ള അദ്ദേഹത്തിന് 84 വയസായെന്നു വിശ്വസിക്കുക പ്രയാസം.
ഫ്രഞ്ച് കോളനിയായ മയ്യഴിയില്‍ ജനിച്ച്, സ്വാതന്ത്ര്യാനന്തരം പുതുച്ചേരിയുടെ ഭാഗമായ മാഹിയില്‍ താമസിച്ച്, ഡല്‍ഹിയിലെ ഫ്രഞ്ച് എംബസി ഉദ്യോഗസ്ഥനായി ജീവിതം തുടരുന്നതിനിടെ മലയാളികളെ എഴുത്തിന്റെ നവ്യപ്രപഞ്ചത്തിലൂടെ നടത്തിയ എം. മുകുന്ദൻ ഒടുവില്‍ വിശ്രമജീവിതത്തിനായി ജനിച്ച നാട്ടിലേക്കുതന്നെ തിരിച്ചെത്തിയത് മറ്റൊന്നുംകൊണ്ടല്ല. അദ്ദേഹത്തിന്റെ പല കഥാപാത്രങ്ങളും ജന്മമെടുത്തത് താന്‍ ജനിച്ചുവളര്‍ന്ന മാഹിയിലും പരിസരപ്രദേശങ്ങളില്‍നിന്നും വാമൊഴിയിലൂടെ തലമുറകളിലൂടെ പകര്‍ന്നുകിട്ടിയ മിത്തുകളില്നിന്നുമെല്ലാമാണ്. ‘മയ്യഴിപ്പുഴയുടെ തീരങ്ങൾ’, ‘ദൈവത്തിന്റെ വികൃതികള്‍’ എന്നീ നോവലുകൾ കേവലം സാഹിത്യസൃഷ്ടികള്ക്കപ്പുറം കാലാതിവർത്തിയായി നിലകൊള്ളുന്നതും മയ്യഴിയുടെ ആത്മാവിനെ ഇവയില്‍ സമന്വയിപ്പിക്കാൻ കഴിഞ്ഞതിനാലാണ്.
മയ്യഴിയുടെയും മലബാറിന്റെയും രാഷ്ട്രീയമുള്‍പ്പടെ കോര്‍ത്തിണക്കുന്ന ഒരു നോവല്‍രചനയുടെ ഒരുക്കത്തിലാണ് എഴുത്തുകാരനിപ്പോള്‍. നൂറിലേറെ പേജുകള്‍ പൂര്‍ത്തിയാക്കിയെങ്കിലും പിന്നീട് പലര്‍ക്കും ഇത് വിഷമമുണ്ടാക്കുമോ എന്ന സംശയത്തില്‍ നിര്‍ത്തിവയ്ക്കുകയായിരുന്നു. എന്നാല്‍ അത് പൂര്‍ണമായും ഉപേക്ഷിക്കാനാകില്ലെന്ന് എഴുത്തുകാരന്‍തന്നെ അടുത്തിടെ പറഞ്ഞത് സാഹിത്യലോകത്തിന് ഏറെ പ്രതീക്ഷ നല്‍കുന്നുണ്ട്. “എന്റെ നോവല്‍ വായിച്ച് ആരെങ്കിലും രോഷം കൊണ്ടാല്‍ എനിക്കൊന്നുമില്ല. പക്ഷേ, നോവല്‍ വായിച്ച് ആരെങ്കിലും കരഞ്ഞാല്‍ അതെനിക്കു വിഷമമാകും” എന്നു പറയുമ്പോള്‍ നിലവിലെ സാഹിത്യലോകത്തില്‍ അധികമാര്‍ക്കും ഇല്ലാത്ത നിഷ്കളങ്കമായ ഒരു ഹൃദയത്തില്‍നിന്നുള്ള വാക്കുകളായി അതു മാറുകയാണ്.
ഇടതുപക്ഷക്കാരനെന്നു പറയുമ്പോഴും ഇടതുപക്ഷത്തിനു സംഭവിക്കുന്ന അപചയങ്ങളെ സ്ഥാനമാനങ്ങള്‍ നോക്കാതെ വിമര്‍ശിക്കാന്‍ ആര്‍ജവം കാട്ടുന്ന അപൂര്‍വം ഇടതുപക്ഷ സാഹിത്യകാരനുമാണ് എം. മുകുന്ദന്. മയ്യഴിക്കാരനായിട്ടും കേരളം ഏറ്റവും നെഞ്ചേറ്റിയ സാഹിത്യകാരനെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ന്യൂമാഹിയില്‍ മയ്യഴിപ്പുഴയോരത്ത് അദ്ദേഹത്തിന്റെ പേരില്‍ ഒരു പാര്‍ക്ക് സ്ഥാപിച്ചാണ് ആദരിച്ചത്.
1942 സെപ്റ്റംബർ പത്തിനായിരുന്നു മണിയന്പത്ത് മുകുന്ദന്റെ ജനനം. മലയാള സാഹിത്യത്തിൽ ആധുനികതയുടെ പതാകവാഹകരിൽ പ്രധാനിയായ അദ്ദേഹം ദീർഘകാലം ഡൽഹി ഫ്രഞ്ച് എംബസിയിൽ ഉദ്യോഗസ്ഥനായിരുന്നു. എംബസിക്കാലത്തിനുശേഷം നാട്ടിലെത്തിയപ്പോൾ കേരള സാഹിത്യ അക്കാദമിയുടെ പ്രസിഡന്റുപദവും തേടിയെത്തി.
മയ്യഴിപ്പുഴയുടെ തീരങ്ങളിൽ, ദൈവത്തിന്റെ വികൃതികൾ, ഡൽഹി, ഹരിദ്വാറിൽ മണികൾ മുഴങ്ങുന്നു, കേശവന്റെ വിലാപങ്ങൾ, നൃത്തം, ദൽഹി ഗാഥകൾ തുടങ്ങിയവയാണ് പ്രധാന കൃതികൾ. ആധുനികതയുടെ സൈദ്ധാന്തിക തലങ്ങളെക്കുറിച്ച് പുസ്തകമെഴുതിയിട്ടുണ്ടെങ്കിലും കാലത്തിനൊപ്പം ചിന്തയെയും എഴുത്തിനെയും നവീകരിച്ച് എപ്പോഴും എഴുത്തിലെ യുവത്വം കാത്തു.
എഴുത്തച്ഛൻ പുരസ്കാരം, ഫ്രഞ്ച് സർക്കാരിന്റെ ഷെവലിയർ ഓഫ് ആർട്സ് ആൻഡ് ലെറ്റേഴ്സ് ബഹുമതി, വയലാർ അവാർഡ്, കേന്ദ്ര-കേരള സാഹിത്യ അക്കാദമി അവാർഡുകൾ, മുട്ടത്തു വർക്കി അവാർഡ്, ജെസിബി സാഹിത്യ പുരസ്കാരം തുടങ്ങിയ നിരവധി അവാർഡുകൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.