എഫ് 1 (ഫോര്‍മുല വണ്‍) കാറോട്ടത്തിന്റെ 2025 സീസണ് ഫോട്ടോ ഫിനിഷില്‍. ഡ്രൈവേഴ്സ് ചാമ്പ്യന്‍ഷിപ്പിനായുള്ള പോരാട്ടം അവസാന റേസായ അബുദാബിയില്‍ മാത്രമേ തീരുമാനമാകൂ.
റെഡ് ബുള്ളിന്റെ മാക്സ് വെര്സ്റ്റപ്പന് തുടര്‍ച്ചയായ അഞ്ചാംകിരീടത്തിനു ലക്ഷ്യമിടുമ്പോള്‍, മക്ലാരന് താരങ്ങളായ ലന്‍ഡോ നോറിസ്, ഓസ്കര് പിയാസ്ട്രി എന്നിവര്‍ കന്നിക്കിരീടത്തിനായി രംഗത്തുണ്ട്. മൂവരും ഏഴ് ജയം വീതം നേടി. 408 പോയിന്റുമായി നോറിസാണ് നിലവില്‍ ഒന്നാമത്. വെര്‍സ്റ്റപ്പനും (396), പിയാസ്ട്രിയും (392) രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്.
ഖത്തറില്‍ വെര്സ്റ്റപ്പന്
ഖത്തര്‍ ഗ്രാന്‍പ്രീയില്‍ വെര്സ്റ്റപ്പന് ജേതാവായതോടെയാണ് ചാമ്പ്യന്‍ഷിപ്പ് പോരാട്ടം ഫോട്ടോ ഫിനിഷിലേക്ക് നീണ്ടത്. ഖത്തറില്‍ ഓസ്കര് പിയാസ്ട്രി രണ്ടും വില്യംസിന്റെ കാര്‍ലോസ് സെയിന്‍സ് മൂന്നും സ്ഥാനങ്ങള്‍ നേടി. ലന്‍ഡോ നോറിസിനു നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനേ സാധിച്ചുള്ളൂ.
മക്ലാരന്റെ പിറ്റ്സ്റ്റോപ്പ് സ്ട്രാറ്റര്ജിയിലുണ്ടായ പിഴവാണ് ഖത്തറില്‍ വെര്‍സ്റ്റപ്പനു തുണയായത്. സീസണിലെ അവസാന എഫ് 1 പോരാട്ടമായ അബുദാബി ഗ്രാന്‍പ്രീ ഈ മാസം ആറിന് അരങ്ങേറും.
മക്ലാരന്റെ പിഴവ്
ടെക്നിക്കല്‍ നിയമലംഘനം നടത്തിയതിനാല്‍ ലാസ് വേഗസ് എഫ് 1 പോരാട്ടത്തില്‍ മക്ലാരന്റെ നോറിസിനെയും പിയാസ്ട്രിയെയും അയോഗ്യരാക്കിയിരുന്നു. അതോടെ നോറിസിന് 18ഉം പിയാസ്ട്രിക്ക് 10ഉം പോയിന്റ് നഷ്ടപ്പെട്ടു. ലാസ് വേഗതില്‍ വെര്സ്റ്റപ്പനായിരുന്നു ഒന്നാം സ്ഥാനം. ഖത്തറിലും വെന്നിക്കൊടി പാറിച്ചതോടെ വെര്സ്റ്റപ്പന് നോറിസിനു ശക്തമായ വെല്ലുവിളിയായി. ഏതായാലും അബുദാബിയിലെ യാസ് മറീന സര്‍ക്യൂട്ടില്‍ തീപാറുമെന്ന് ഉറപ്പായി...